തിരുവനന്തപുരം: ക്രിസ്‌തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇത്തവണ എത്തുന്നത് ഒട്ടേറെ പുതുമകളോടെ (Christmas-New Year bumper). 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ ഇത് 16 കോടിയായിരുന്നു. മാത്രമല്ല രണ്ടാം സമ്മാനവും 20 കോടി രൂപയാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 20 പേർക്ക് ഓരോ കോടി രൂപ വീതം രണ്ടാം സമ്മാനമായി നൽകും. 312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്‌ടിയും ചേര്‍ത്ത് 400 രൂപയാണ് ടിക്കറ്റ് വില.
ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്നത് 23 കോടിപതികളാണെന്നതാണ് ഈ വർഷത്തെ ക്രിസ്‌തുമസ്-ന്യൂ ഇയര്‍ ബമ്പറിന്‍റെ പ്രത്യേകത. ആകെ 3 കോടി രൂപയാണ് മൂന്നാം സമ്മാനം. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നൽകും. ആകെ 60 ലക്ഷം രൂപയാണ് നാലാം സമ്മാനം. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നൽകും. ആകെ 40 ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം. 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നൽകും. കഴിഞ്ഞവർഷം ആകെ 3,88,840 സമ്മാനങ്ങളാണ് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് 6,91,300 ആയി.
ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്‍റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം നൽകും. ഏജന്‍റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്‍റീവും ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി ഏടുക്കുന്ന ഏജന്‍റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്‍റീവായി 35000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കുമെന്നും സംസ്ഥാന ലോട്ടറി വകുപ്പ് അറിയിച്ചു.
പൂജ ബമ്പർ നറുക്കെടുപ്പ്: ഈ വർഷത്തെ പൂജ ബമ്പർ ഭാഗ്യക്കുറി ഫലങ്ങൾ പ്രഖ്യാപിച്ചു. JC 253199 എന്ന നമ്പറാണ് 12 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. കാസർകോട്, മേരിക്കുട്ടി ജോജോ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒരു കോടി വീതം 4 പേർക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 3 ലക്ഷം വീതം 5 പേർക്കാണ്. 2 ലക്ഷം വീതം 5 പേർക്കാണ് അഞ്ചാം സമ്മാനം.
40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പ്രിന്‍റ് ചെയ്‌തത്. ഇതിൽ 39,01,790 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 110480 ടിക്കറ്റുകളാണ് ഇത്തവണ അധികമായി വിറ്റുപോയത്. 3,34,829 സമ്മാനങ്ങൾ ഇത്തവണ അധികമായി ഉണ്ടായിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില.
ALSO READ: പൂജ ബമ്പർ നറുക്കെടുപ്പ് : 12 കോടി കാസർകോട് വിറ്റ ടിക്കറ്റിന്