തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണകൾ കേരള സമൂഹത്തിന് ഊർജ്ജം പകരുന്നതന്ന് ഉമ്മൻ ചാണ്ടി. സി.എച്ചിന്‍റെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഫിർദോസ് കായൽപുറം രചിച്ച 'കുട്ടികളുടെ സി.എച്ച് ' പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ചിന്‍റെ വിയോഗത്തിന് 37 വർഷം തികയുമ്പോഴാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഫിർദോസ് കായൽ പുറത്തിൻ്റെ വേറിട്ട രചന. സി.എച്ചിൻ്റെ ജീവിതത്തിന് ബാലസാഹിത്യ രൂപം നൽകുന്ന രീതിയിലാണ് പുസ്തകത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പുതിയ തലമുറയ്ക്ക് സി.എച്ച് മുഹമ്മദ് കോയയെ കുറിച്ച് പഠിക്കാൻ ഉപകരിക്കുന്നതാണ് പുസ്തകമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ സാഹിത്യകാരൻ ബാബു കുഴിമറ്റം പുസ്തകം ഏറ്റുവാങ്ങി. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിൻ്റെ പ്രസാധകർ.