തിരുവനന്തപുരം: ഭരണകാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്‌ചയെന്ന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം. വകുപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ കൃത്യമായ ഇടപെടല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതാണ് ചീഫ് സെക്രട്ടറിയുടെ അതൃപ്‌തിക്ക് കാരണം. 40 വര്‍ഷത്തോളം പഴക്കമുള്ള കേസുകളില്‍ വരെ വീഴ്‌ച സംഭവിച്ചിട്ടുണ്ട്.
കേസുകള്‍ കൃത്യതയോടെ കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യ വകുപ്പ് അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിന് വീഴ്‌ച പറ്റുന്നതില്‍ കോടതി അലക്ഷ്യ നടപടികള്‍ക്ക് മറുപടി പറയേണ്ടത് ചീഫ് സെക്രട്ടറിയാണ്. അച്ചടക്ക നടപടി സ്വീകരിക്കുക, സ്ഥലമാറ്റം, സ്ഥാനക്കയറ്റം, സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍ എന്നിവയിലും വകുപ്പിന്‍റെ പ്രകടനം മോശമാണ്. എത്രയും വേഗം പ്രശനം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പ്രവര്‍ത്തനങ്ങളില്‍ പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതനുസരിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി ജില്ല മെഡിക്കല്‍ ഓഫിസര്‍മാക്കും വകുപ്പ് മേധാവികള്‍ക്കും കത്തയച്ചു. കൊവിഡ് മരണക്കണക്കിലെ അപാകതയില്‍ നേരത്തെയും ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ ചീഫ് സെക്രട്ടറി അതൃപ്‌തി അറിയിച്ചിരുന്നു.
പ്രമോഷന്‍, ഗ്രേഡ് പേ തുടങ്ങിയ കാര്യങ്ങളില്‍ വകുപ്പിന്‍റെ മോശം പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സമരം തുടരുന്നതിനിടെയാണ് ഭരണ കാര്യങ്ങളിലെ വീഴ്‌ച ചീഫ് സെക്രട്ടറിയും ചൂണ്ടിക്കാട്ടുന്നത്.