തിരുവനന്തപുരം : ഭരണഘടനയ്‌ക്കെതിരെ സജി ചെറിയാൻ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. മൗനമാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ആയുധമെന്നും വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സജി ചെറിയാൻ പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രസംഗത്തെ തള്ളിപ്പറയാത്തത് അത്ഭുതകരമാണ്. മാധ്യമങ്ങൾ പ്രസംഗത്തിന്‍റെ പൂർണരൂപം പുറത്തുവിട്ടില്ലെന്നാണ് സജി ചെറിയാൻ പറയുന്നത്. പൂർണരൂപം കേട്ടിരുന്നെങ്കിൽ ജനങ്ങൾ ബോധംകെട്ടുവീഴുമായിരുന്നു.
പ്രസംഗത്തിൽ സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രത്തോട് പൂർണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാണ് സജി ചെറിയാൻ സ്വീകരിച്ചത്. ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കുന്നതാണ് ഉചിതം. സജി ചെറിയാൻ രാജിവച്ചത് സ്വന്തം തീരുമാനപ്രകരമാണെന്നാണ് പറഞ്ഞത്.
മുഖ്യമന്ത്രിയോ പാർട്ടിയോ രാജി ആവശ്യപ്പെടാത്തത് അത്ഭുതകരമാണ്. ഇക്കാര്യത്തിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്തെന്ന് വ്യക്തമാക്കണം. സർക്കാർ തൊടുന്നതെല്ലാം തിരിച്ചടിക്കുകയാണ്. സജി ചെറിയാനെതിരെ കേസെടുത്തില്ലെങ്കിൽ നിയമവഴികൾ തേടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം, എകെജി സെന്‍റർ ആക്രമണം, സ്വർണക്കടത്ത് തുടങ്ങിയവയില്‍ ഒന്ന് മാത്രമാണ് സജി ചെറിയാന്‍റെ പ്രസംഗം. സ്വർണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.