തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയേയും കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്ത ദിവസം മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ പ്രതീക്ഷിച്ചത് വിവാദങ്ങൾക്കുള്ള മറുപടി. എന്നാല്‍ ശിവശങ്കറെ പൂര്‍ണമായും തള്ളിപ്പറഞ്ഞ്, ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ കുറിച്ച് ഒരക്ഷരവും പ്രതികരിക്കാതെ വിദഗ്ധമായി ഒഴിഞ്ഞു മാറി മുഖ്യമന്ത്രി.
പതിവ് കൊവിഡ് കണക്കുകളും പൊതുവായുള്ള അറിയിപ്പുകളും വായിച്ചശേഷം ചോദ്യങ്ങളിലേയ്ക്ക് കടന്നപ്പോൾ ആദ്യ ചോദ്യം ശിവശങ്കറിന്‍റെ അറസ്റ്റിനെ പറ്റി ആയിരുന്നു. എന്നാൽ കൊവിഡിനെ പറ്റിയുള്ള ചോദ്യങ്ങൾക്കു ശേഷം മറുപടി എന്നായി മുഖ്യമന്ത്രി.
കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ശേഷം ഈ വിഷയത്തിൽ വീണ്ടും ചോദ്യം വന്നപ്പോൾ ഇതു സംബന്ധിച്ച് എല്ലാ ചോദ്യവും വരട്ടെ എന്നായി. മാധ്യമപ്രവര്‍ത്തകര്‍ ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടെ അറസ്റ്റും സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചു. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ക്ക് ശേഷം ഇനിയും ചോദ്യമുണ്ടോ എന്ന് ചോദിച്ച ശേഷം എഴുതി തയ്യാറാക്കി കൊണ്ടു വന്ന മറുപടി കുറിപ്പ് വായിക്കാനാരംഭിച്ചു. പത്ത് മിനിട്ടോളം നീണ്ട വായനയില്‍ സ്വര്‍ണക്കടത്ത് കേസിന്‍റെ നാള്‍വഴി ചുരുക്കി പറഞ്ഞു. ശിവശങ്കറെ തള്ളി പറഞ്ഞ പിണറായി വിജയന്‍, ബിനീഷ് കോടിയേരിയെ കുറിച്ച് ഒരക്ഷരവും പ്രതികരിച്ചില്ല. മാത്രവുമല്ല തുടർ ചോദ്യങ്ങൾക്കൊന്നും ഉത്തരവും പറഞ്ഞില്ല.
കൂടുതൽ ചോദ്യങ്ങൾ നിങ്ങൾക്കുണ്ടാകും എനിക്കും കൂടുതൽ പറയാനുണ്ട് എന്നാൽ സമയം അനുവദിക്കുന്നില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.