തിരുവനന്തപുരം: മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പരിശോധിക്കുന്നതിന് ഡിജിപിയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചോദിച്ചതിന്റെ പേരിൽ കേസെടുക്കുന്ന നാടായി കേരളം മാറാൻ പാടില്ല. മുൻ ഡിജിപിയെന്ന നിലയിൽ ചില സ്വാധീനങ്ങൾ ഉണ്ടാകുമെന്നും എന്നാൽ ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാട്ടാക്കടയിൽ യുവാവിനെ ജെ.സി ബി.ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നിയമസഭയിൽ കൊണ്ടുവന്ന പ്രതിപക്ഷ എം.എൽ.എ ആയ എം.വിൻസെന്‍റ് തന്നെയാണ് സെൻകുമാറിന്‍റെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തിയ കാര്യവും നിയമസഭയിൽ ഉന്നയിച്ചത്.
സെൻകുമാറിനെ ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് നല്ലതെന്ന് പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകി. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തിരുവനന്തപുരം പ്രസ് ക്ലബിൽ സെൻകുമാർ നടത്തിയ പത്രസമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതിനാണ് കടവിൽ റഷീദ് എന്ന മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തത്. കടവിൽ റഷീദിനെ സെൻകുമാറിനൊപ്പം എത്തിയവർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും വിവാദമായിരുന്നു.