തിരുവനന്തപുരം: മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നതു തുടർന്നാൽ കടുത്ത നടപടി നടപടി സ്വീകരിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന് മുന്നിൽ ഗവർണർ അപഹാസ്യനാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ആ നില സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്ന രീതിയല്ല. വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന - മുഖ്യമന്ത്രി ഓർമപ്പെടുത്തി.
“നമ്മുടെ രാജ്യം ഫെഡറല്‍ തത്വങ്ങള്‍ പിന്തുടരുന്ന രാജ്യമാണ്. പാര്‍ലമെന്‍ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവിയുടെ കര്‍ത്തവ്യവും കടമയും എന്തെല്ലാമാണ് എന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കര്‍ത്തവ്യവും കടമകളും എന്തൊക്കെയെന്നും ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കോടതിവിധികളിലൂടെ അതിന് കൂടുതല്‍ വ്യക്തത വന്നിട്ടുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ പൊതുവായ ഉത്തരവാദിത്തം,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“മന്ത്രിമാര്‍ രാജി നല്‍കേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവര്‍ണര്‍ക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്തു സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളുമാണ്. ഇതൊന്നും അല്ല നമ്മുടെ ഭരണഘടന എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? അങ്ങനെ പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധം ആവില്ലേ,” മുഖ്യമന്ത്രി ചോദിച്ചു.