തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മലയാളികളെ പാസില്ലാതെ കടത്തിവിടാന്‍ ശ്രമിച്ച സംഭവത്തില്‍ കോൺഗ്രസ് ജനപ്രതിനിധികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷ വിമർശനം. ഇത് രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല. ജനപ്രതിനധികളെ നീരീക്ഷണത്തിലാക്കിയ സംഭവം ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. അതിര്‍ത്തികളില്‍ പാസില്ലാതെ വരുന്നവരെ കടത്തിവിടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ രേഖകളില്ലാതെ ആളെ കടത്തി വിട്ടത് കേരളത്തിൻ്റെ കൊവിഡ് പ്രതിരോധന സംവിധാനങ്ങളെ തകര്‍ക്കലാണ്. നിബന്ധനകള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ മറ്റ് തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് ഇതു സംബന്ധിച്ച പാലക്കാട് ജില്ലാ മെഡിക്കല്‍ ബോര്‍ഡിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാളയാറില്‍ പാസില്ലാതെ എത്തിയവരെ കടത്തിവിടാൻ ശ്രമിക്കുന്നതിനിടെ കൊവിഡ് രോഗ ബാധിതനുമായി സമ്പർക്കത്തില്‍ ഏർപ്പെട്ട എം.പിമാരായ വി.കെ.ശ്രീകണ്‌ഠന്‍, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരോട് നിരീക്ഷണത്തില്‍ പോകാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.