തിരുവനന്തപുരം: എല്‍.ഡി.എഫിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പ്രമേയം പാസാക്കിയതിനെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നില്ല. അതിനു പറ്റിയ ഊന്നു വടികള്‍ എല്‍.ഡി. എഫിലില്ല.
കോണ്‍ഗ്രസിന്‍റെ പല പ്രമുഖരും ചിന്തന്‍ ശിബിരത്തില്‍ തന്നെ പങ്കെടുത്തിട്ടില്ല. ഒരു കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞ അഭിപ്രായം നാം കേട്ടതാണ്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. അവരുടെ ക്ഷീണം അവര്‍ തന്നെ തീര്‍ക്കട്ടെ. കോണ്‍ഗ്രസിന് അതിന്‍റെ പഴയ പ്രതാപത്തിന്‍റെ പ്രതിരൂപമാകാന്‍ പോലും സാധിക്കുന്നില്ല. എത്രയോ ചിന്തന്‍ ശിബിരങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നു. അവിടെയെടുത്ത എന്തെങ്കിലും തീരുമാനങ്ങള്‍ പ്രാവര്‍ത്തികമായോ എന്ന് അവര്‍ ആലോചിക്കട്ടെ.
സംഘപരിവാറിനെ കുറിച്ചോ അവര്‍ രാജ്യത്ത് നടപ്പാക്കുന്ന നയങ്ങളെ കുറിച്ചോ ചിന്തന്‍ ശിബിരില്‍ ഒരക്ഷരം മിണ്ടുന്നില്ല. ഇവിടെ ഇ.ഡിയെ അനുകൂലിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഇ.ഡി.യെ എതിര്‍ക്കുകയാണ്. എന്താണ് ഇങ്ങനെ രണ്ടു നയമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കട്ടെ.
എല്‍.ഡി.എഫിന് ഇടതുപക്ഷ മുഖം നഷ്ടമാകുന്നുവെന്നും തങ്ങളാണ് യഥാര്‍ഥ ഇടതു പക്ഷമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നതിലൂടെ ഇടതുപക്ഷമാണ് ശരിപക്ഷം എന്നവര്‍ അംഗീകരിക്കുകയാണ്. വലതുപക്ഷം മോശമാണെന്ന് അവര്‍ക്ക് തോന്നുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.