തിരുവനന്തപുരം : കിറ്റെക്സിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന കമ്പനി എംഡിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് സംസ്ഥാനത്തിന് എതിരാണ്. കേരളത്തെക്കുറിച്ച് അറിയുന്ന വ്യവസായികൾ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കാണുന്നത്.
ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്‍റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങൾ നാടിന്‍റെ മുന്നോട്ടുപോക്കിനെ തകർക്കാനുള്ളതായി മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂ.
പരാതികൾ വന്നാൽ സ്വാഭാവികമായും പരിശോധിക്കും
നിയമവും ചട്ടവും പാലിക്കാൻ ഏവരും ബാധ്യസ്ഥരാണ്. പരാതികൾ വന്നാൽ സ്വാഭാവികമായും പരിശോധനകൾ ഉണ്ടാകും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ടതില്ല.
ആരെയും വേട്ടയാടാൻ ഈ സർക്കാർ തയ്യാറല്ല. അത് പല വ്യവസായികളും പരസ്യമായി സമ്മതിക്കുന്ന കാര്യമാണ്. നിതി ആയോഗിന്‍റെ സുസ്ഥിര വികസന സൂചികയിൽ സംസ്ഥാനം ഒന്നാമതാണ്.
Also read: ബിവറേജസിന് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ;മുന്‍കൂട്ടി പണം അടച്ചാല്‍ മദ്യം വാങ്ങാം
ഈ നേട്ടത്തിന് സഹായിച്ചത് വ്യവസായ വികസനമാണ്. 2016 മുതൽ സുപ്രധാനമായ വ്യവസായ നിക്ഷേപ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ സ്വീകരിച്ച വ്യവസായ നിക്ഷേപ സൗഹൃദ നടപടികൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു കിറ്റക്സിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.