തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വികസനത്തിന് ഏറ്റവും അനിവാര്യമായ പദ്ധതിയാണ് സിൽവർ ലൈൻ എന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. കേന്ദ്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആശങ്ക അകറ്റിയാകും പദ്ധതി നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കായി ഭൂമിയും വീട് നഷ്‌ടമാകുന്നവർക്ക് നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ.
ജനങ്ങൾക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ദൂരീകരിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. സാമൂഹ്യ ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും ഭൂമി ഏറ്റെടുത്തതിന് മുമ്പായി പൂർത്തിയാക്കും.
പദ്ധതി നടപ്പാക്കുന്നതിന് 50 വർഷത്തിനകം തിരിച്ചടയ്ക്കാവുന്ന വ്യവസ്ഥയിൽ വായ്‌പ എടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ വായ്‌പ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കേന്ദ്രം അനുമതി നല്‍കാത്തതിനാല്‍ കെ റെയില്‍ പദ്ധതി ഏറെക്കുറെ സ്‌തംഭനാവസ്ഥയിലാണ് ഇപ്പോഴുള്ളത്.
ഭൂമി ഏറ്റെടുക്കലിനും മറ്റുമായി നിയമിച്ച റവന്യൂ വകുപ്പിലെ ജീവനക്കാരെ മറ്റ് സേവനങ്ങൾക്കായി പുനർ വിന്യസിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കലിനെതിരെയുണ്ടായത് സംസ്ഥാനം കണ്ട രൂക്ഷമായ പ്രതിഷേധമായിരുന്നു.