എറണാകുളം: കോടതി നടപടികളുടെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. മാധ്യമങ്ങളുടെ ഭരണഘടനാപരമായ അവകാശം കോടതി വിധികളിലൂടെ നിയന്ത്രിക്കാനാവില്ല. അതേസമയം, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം വ്യക്തികൾക്ക് ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കിയാണ് അഞ്ചംഗ ഹൈക്കോടതി വിശാല ബഞ്ചിന്‍റെ ഉത്തരവ്.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. ക്രിമിനൽ കേസുകളിൽ കുറ്റക്കാരെ തീരുമാനിക്കേണ്ടത് മാധ്യമങ്ങൾ അല്ല, കോടതികളാണ്. ആരെയെങ്കിലും കുറ്റക്കാരനെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണം. വിചാരണ കാത്തു കിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളിൽ മാധ്യമങ്ങൾ തീർപ്പ് കൽപ്പിച്ചാൽ ഭരണഘടനാപരമായി നൽകുന്ന പരിരക്ഷ ലഭിക്കില്ല.
ഇത്തരം ഘട്ടങ്ങളിൽ ആവലാതിക്കാരന് ഭരണഘടന കോടതിയെ സമീപിച്ച് പരിഹാരം തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ആവശ്യം കോടതി തള്ളി. മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും തമ്മിൽ തർക്കമുണ്ടായാൽ മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.