തിരുവനന്തപുരം: പിജി ഡോക്‌ടര്‍മാരുമായി ചര്‍ച്ച നടത്തിയെന്ന വാദം തള്ളി മുഖ്യമന്ത്രിയുടെ ഓഫിസ്. മെഡിക്കല്‍ കോളജ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ നിവേദനം നല്‍കാനാണ് ഓഫിസിലെത്തിയത്. ആരോഗ്യ മന്ത്രിയുമായി സംസാരിച്ച് സമരം അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ.രാഗേഷ് അറിയിച്ചത്. അല്ലാതെ ചര്‍ച്ചയോ അവരുടെ ആവശ്യങ്ങളില്‍ ഉറപ്പോ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സംബന്ധിച്ച് വന്ന പരാമര്‍ശം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ 16 ദിവസം നീണ്ടു നിന്ന സമരം അവസാനിപ്പിക്കുകയാണെന്നാണ് പിജി ഡോക്‌ടര്‍മാര്‍ നേരത്തെ പ്രഖ്യാപിച്ചത്.
Read More: പിജി ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു; ഇന്ന് മുതൽ ഡ്യൂട്ടിയിൽ കയറും
കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കും, സ്‌റ്റൈപ്പന്‍ഡില്‍ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കും തുടങ്ങിയ ഉറപ്പുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചതെന്നായിരുന്നു പിജി ഡോക്‌ടര്‍മാരുടെ അവകശവാദം.