തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ചുറ്റും പവര്‍ ബ്രോക്കര്‍മാരെന്ന് പ്രതിപക്ഷ നേതാവ്. പഴയ അനുഭവം വച്ച് പറയരുതെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലാണ് വിമര്‍ശനവും മറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ വന്നത്.
സംസ്ഥാനത്ത് ഭരണ സ്‌തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ മാറാത്ത സ്ഥിതിയാണ്. അതുകാണ്ട് തന്നെ കോണ്‍ട്രാക്‌ടര്‍മാര്‍ വര്‍ക്കുകള്‍ ഉപേക്ഷിക്കുകയാണ്. സാമ്പത്തിക സ്ഥിതി സമീപകാലത്തൊന്നും രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന് താത്‌പര്യം പ്രോജക്‌ടുകളോട്: 'പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണ്. നരേന്ദ്ര മോദിയുടെ സ്‌റ്റൈലില്‍ പദ്ധതികളോടല്ല പ്രോജക്‌ടുകളോടാണ് സംസ്ഥാന സര്‍ക്കാറിനും താത്‌പര്യം. കണ്‍സെട്ടന്‍റ്, കോഴ എന്ന നിലയില്‍ പ്രോജക്‌ടുകള്‍ പോകുമെന്നും അതിലാണ് സര്‍ക്കാറിന്‍റെ കണ്ണെന്നും' പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
'നെല്‍കര്‍ഷകര്‍ക്ക് 200 കോടി കുടിശിക നല്‍കാനുണ്ട്. റബര്‍ വിലസ്ഥിരത ഫണ്ട് 10 കോടി മാത്രമാണ് കൊടുത്തത്. 574 കോടി കാരുണ്യ പദ്ധതിയില്‍ കുടിശിക'.
സാക്ഷരത പ്രേരകിന് ശമ്പളം കൊടുക്കുന്നില്ല. ആശ്വാസകിരണം പദ്ധതിക്കും പണമില്ല. എയ്‌ഡ്‌സ് രോഗികളുടെ പെന്‍ഷന്‍ മുടങ്ങി. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ഒരു പ്രതിസന്ധിയുമില്ലെന്നാണ്'.
കെട്ടിക്കിടക്കുന്ന ഫയലുകള്‍: 'ഓരോ ഫയലും ഓരോ ജീവിതമാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍, എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. മുഖ്യമന്ത്രിക്ക് ചുറ്റും പവര്‍ ബ്രോക്കര്‍മാരാണുള്ളതെന്നും ഇവര്‍ വിചാരിച്ചാല്‍ മാത്രമേ എന്തും നടക്കുകയുള്ളൂവെന്നും വി ഡി സതീശന്‍ ആരോപിച്ചു.
ഉപഗ്രഹങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. പാവപ്പെട്ടവര്‍ക്ക് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നീതിയുമാണ്. അട്ടപ്പാടിയില്‍ മധുവിനെ കൊന്ന കേസ് പോലും കൃത്യമായി സര്‍ക്കാര്‍ നടത്തുന്നില്ല.
പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഫീസ് നല്‍കാതെ കേസ് ദുര്‍ബലപ്പെടുത്തി. ആകാശ് തില്ലങ്കേരി എന്ന മൂന്നാംകിട ക്രിമിനല്‍ സര്‍ക്കാരിനെ വിറപ്പിക്കുകയാണ്. കൊല്ലിച്ചവരെ കുറിച്ച് പറയുമെന്നാണ് ഭീഷണി.
ഇതില്‍ പാര്‍ട്ടി വിരണ്ടു നില്‍ക്കുകയാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സാധാരണക്കാരന്‍റെ നികുതി പണത്തില്‍ നിന്നും കോടികള്‍ ചിലവഴിച്ചത്. കൊലയാളി സംഘങ്ങള്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് അടക്കം നടത്തുകയാണെന്ന്' സതീശന്‍ പറഞ്ഞു.
പൊലീസില്‍ ഗുണ്ടകള്‍: 'അവരെ ഉപയോഗിച്ചുകൊണ്ട് എല്ലാത്തിനും സര്‍ക്കാര്‍ കുടപിടിക്കുകയാണ്. സ്വപ്‌നയെ പോലുള്ളവരെ ഇടനിലക്കാരാക്കി ധനസമ്പാദനത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഭരണം കൊണ്ട് സിപിഎമ്മിന് ജീര്‍ണത ബാധിച്ചുവെന്നും ബംഗാളിലെ അതേ ദുരന്തമാണ് കേരളത്തിലും സിപിഎമ്മിന് ഉണ്ടാകുന്നതെന്നും' പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
പൊലീസില്‍ മുഴുവന്‍ ഗുണ്ടകളാണ്. എല്ലായിടത്തും രാഷ്‌ട്രീയ വത്കരണമാണ് നടക്കുന്നത്. അത് വലിയ വെല്ലുവിളിയാകും. മൊത്തത്തില്‍ പാളം തെറ്റിയോടുന്ന സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്നും' പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മറുപടി: തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍റെ ഓരോ ആരോപണങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി നല്‍കി. സംസ്ഥാനത്ത് പ്രതിപക്ഷം പറയുന്ന തരത്തിലുള്ള ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം സാമ്പത്തികമായി ഞെരുങ്ങുന്നുണ്ടെന്നും അത് പ്രതിപക്ഷ നേതാവ് കാണുന്നില്ലെന്നും അതുമൂലമുള്ള പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വരുമാനം പൊതുകടം അനുപാതം കുറഞ്ഞിട്ടുണ്ട്. ഫയലുകള്‍ കെട്ടികിടക്കുന്നത് ഒഴിവാക്കാന്‍ കൃത്യമായ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ജാഗ്രതയോടെ കാര്യങ്ങള്‍ നീക്കാനാണ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രിക്ക് ചുറ്റം പവര്‍ ബ്രോക്കര്‍മാരെന്ന് പറയുന്നത് പഴയകാല ഓര്‍മ വച്ചാണ്. പവര്‍ ബ്രോക്കറുമാരുടെ കാര്യങ്ങള്‍ 2016ല്‍ തന്നെ അത് അവസാനിച്ചു. സെക്രട്ടേറിയറ്റില്‍ ആരും അങ്ങനെ വരില്ല'-മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ആര് വിചാരിച്ചാലും ഒന്നും നടക്കില്ല: 'മെറിറ്റിനാണ് പ്രധാന്യം നല്‍കുന്നത്. അല്ലാതെ ആര് വിചാരിച്ചാലും ഒന്നും നടക്കില്ല. മധു കേസില്‍ നല്ല രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമം. സാക്ഷികളെ സ്വാധീനിക്കുന്നത് തടയാന്‍ ഉന്നതതല യോഗം വിളിച്ചിരുന്നു.
അതിന്‍റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ ജയിലിലും ആയിട്ടുണ്ട്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിശ്വാസമെന്നും' മുഖ്യമന്ത്രി പറഞ്ഞു.
'ഒരു ഗുണ്ടയേയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. ആ കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അതുകൊണ്ട് തന്നെ അംഗീകരിക്കാന്‍ കഴിയില്ല'.
പല കേസുകളിലും പൊലീസ് കണ്ടെത്തിയതില്‍ കൂടുതല്‍ സിബിഐ കണ്ടെത്തിയിട്ടില്ല. അതിനാല്‍, അത്തരം നീക്കങ്ങളെ നിയമപരമായി ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. നിയമപരമായി ചോദ്യം ചെയ്യുമ്പോള്‍ മുതിര്‍ന്ന വക്കീലന്‍മാരെ ചുമതലപ്പെടുത്തുമെന്നും അവര്‍ക്ക് ഫീസും കൊടുക്കേണ്ടി വരുന്നത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
പുഴുകുത്തുകള്‍ ഒഴിവാക്കും: 'ആര്‍എസ്എസ് കൊലപാതകങ്ങളില്‍ കുറവു വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് അതില്‍ വിഷമമാണ്. ബിജെപിക്ക് കേരളത്തില്‍ സ്‌പെയ്‌സ് ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് വലിയ തമാശയാണ്'.
ആ സ്‌പെയ്‌സ് ഇല്ലാതാക്കി നിയമസഭയില്‍ എത്തിയത് ശിവന്‍കുട്ടിയാണെന്ന് ഓര്‍ക്കണം. പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടിയുണ്ടാകും. അതില്‍ ഒരു വിട്ടുവീഴ്‌ചയുമില്ല.
പുഴുകുത്തുകള്‍ ഒഴിവാക്കും. പൊലീസില്‍ ക്രിമിനലുകളുണ്ടെങ്കില്‍ പുറത്തു പോവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.