തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. ഒരാഴ്‌ചക്കിടെ 40 രൂപയോളമാണ് കിലോയ്ക്ക് വർധിച്ചത്. അതേസമയം വില ഉയരുന്നുണ്ടെങ്കിലും ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാൽ കോഴിക്കടകൾ അടച്ചിടേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. നഗരത്തിലെ പ്രധാന മാർക്കറ്റായ പാളയത്ത് കോഴിയിറച്ചി കിലോയ്ക്ക് 140 രൂപ വരെയാണ് ശനിയാഴ്‌ചത്തെ വില. ഒരാഴ്‌ച കൊണ്ടാണ് വിലയിൽ ഇത്രയും വർധനവുണ്ടായത്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ കോഴി വില 200 രൂപ വരെ എത്തി. ലോക് ഡൗണിനെ തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കൂടി. തമിഴ്‌നാട്ടിൽ നിന്ന് കോഴി വരവും കുറഞ്ഞു.
ലോക് ഡൗൺ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ പല ഫാമുകളിലും കോഴികളുടെ ഉല്‍പാദനം കുറച്ചു. ഇതോടെ അവിടെ നിന്നുമെത്തുന്ന കോഴിയുടെ അളവ് പത്തിൽ നിന്നും രണ്ട് ലോഡായി കുറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ കച്ചവടം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും പൂട്ടിയതും തിരിച്ചടിയായി. ചില്ലറ വില്‍പനയാണ് നിലവിൽ കച്ചവടക്കാരെ പിടിച്ചുനിർത്തുന്നത്. കോഴി വരവ് കുറഞ്ഞാൽ ഇതും പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണിവർ. പക്ഷിപ്പനിയെ തുടർന്ന് ഒരു മാസം മുമ്പ് കോഴിയിറച്ചി വില 30 രൂപയിൽ വരെ എത്തിയ ശേഷമാണ് ഈ കുതിച്ചുകയറ്റം.