തിരുവനന്തപുരം : ഇടത് ബന്ധമുപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പിനെ കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രത്തിന്‍റെ ഡയറക്‌ടറായി നിയമിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനാണ് നിയമന വിവരം മാധ്യമങ്ങളെ അറിയിച്ചത്. അണികളില്‍ രാഷ്ട്രീയ അവബോധം ഉണ്ടാക്കാനാണ് കെ.പി.സി.സി പുതുതായി രാഷ്ട്രീയ പഠനകേന്ദ്രം ആരംഭിക്കുന്നത്.
സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്‌ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചാരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് കെ.പി.സി.സിയുടെ ശ്രമം.
ALSO READ: 'ഗവർണറും മുഖ്യമന്ത്രിയും പീലാത്തോസാകാന്‍ ഒത്തുകളിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍
കോണ്‍ഗ്രസുമായി തെറ്റിയ ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷത്തോളം ഇടത് സഹയാത്രികനായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് സി.പി.എം ബന്ധം ഉപേക്ഷിച്ച് തിരികെ കോണ്‍ഗ്രസിലെത്തിയത്. എ.കെ ആന്‍റണി കെ.പി.സി.സി പ്രസിഡന്‍റായിരുന്നപ്പോള്‍, സെക്രട്ടറിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കെ.എസ്.യു പ്രസിഡന്‍റായും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.