തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്കുള്ള അടിയന്തര സഹായമായ 10,000 രൂപ സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രളയദുരന്ത മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും വീടുകളില്‍ അഭയം പ്രാപിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെന്ന ഒറ്റക്കാരണത്താല്‍ ഈ കുടുംബങ്ങള്‍ക്ക് 10,000 രൂപയുടെ അടിയന്തിര സഹായം നിഷേധിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയോ വില്ലേജ് ഓഫീസര്‍മാരോ തയ്യാറാക്കുന്ന ലിസ്റ്റിലെ ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും താലൂക്ക് തലത്തില്‍ ഉചിതമായ ഒരു ക്രമീകരണം കൂടി ഏര്‍പ്പെടുത്തണം. ക്യാമ്പിലെത്തി മടങ്ങിയ എല്ലാവര്‍ക്കും ഈ സഹായം ലഭ്യമാക്കണം. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ പ്രളയദുരന്ത - ധനസഹായ വിതരണത്തില്‍ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമായി നടത്തണം തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിക്കയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.