തിരുവനന്തപുരം: നാല് വർഷം കൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേട്ടങ്ങൾ ഉണ്ടാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം വെറും അവകാശവാദം മാത്രമാണ്. എല്ലാ രംഗത്തും ദയനീയമായി സർക്കാർ പരാജയപ്പെട്ടു. പുതുതായി ഒരു വൻകിട പദ്ധതി പോലും കൊണ്ടുവരാൻ സർക്കാരിനായില്ല. യു.ഡി.എഫ് സർക്കാർ തുടങ്ങി വച്ച പദ്ധതികൾ നടപ്പാക്കുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. നവകേരള നിർമാണത്തിൽ ഉൾപ്പടെ ഒരിഞ്ച് മുന്നോട്ടു പോകാൻ സർക്കാരിനായില്ല. സ്വജനപക്ഷപാതത്തിന്റെയും ധൂർത്തിന്‍റെയും ഉത്തമ ഉദാഹരണ് സർക്കാർ. ശാസ്‌ത്രീയമായി അഴിമതി നടത്താൻ സർക്കാരിനെ കണ്ടു പഠിക്കണമെന്നും ചെന്നിത്തല പരിഹസിച്ചു. പി.ആർ ഏജൻസികളുടെ സഹായത്തോടെ നിറം പിടിപ്പിച്ച കഥകളുമായി ജനങ്ങളുടെ കണ്ണുകെട്ടാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ദുരന്തമുഖങ്ങളിൽ സർക്കാരുമായി പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ശരിയല്ല. കൊവിഡിൽ ഉൾപ്പടെ എല്ലാ പ്രതിസന്ധികളിലും പ്രതിപക്ഷം ഒന്നിച്ചു നിന്നിട്ടുണ്ട്. ഇനി നിൽക്കുകയും ചെയ്യും. അതേസമയം സർക്കാരിന്‍റെ പാളിച്ചകൾ തുറന്ന് കാട്ടും. ഏത് കാര്യത്തിലാണ് സർക്കാർ സഹകരണം തേടിയിട്ട് പ്രതിപക്ഷം പറ്റില്ല എന്നു പറഞ്ഞതെന്നും ചെന്നിത്തല ചോദിച്ചു. സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് എഴുതിയ ഭരിച്ചു മുടിച്ച നാല് വർഷങ്ങൾ എന്ന പുസ്‌തകവും പ്രകാശനം ചെയ്തു.