തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പിണറായി വിജയന് ആശംസകളുമായി രമേശ് ചെന്നിത്തല. ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നത്.
പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചത് അല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. രോഗവ്യാപനം വളരെ അപകടകരമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ കഴിയാത്തതിനാൽ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താത്തത്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. സഹകരിക്കേണ്ട എല്ലാ കാര്യങ്ങളിലും മുൻപും സർക്കാരിനോട് പ്രതിപക്ഷം സഹകരിച്ചിട്ടുണ്ട്. സർക്കാരിൻറെ തെറ്റുകൾ കണ്ടെത്തുകയും അവ തിരുത്തുകയും ചെയ്തിട്ടുണ്ട്. ജനജീവിതത്തിൽ സാമ്പത്തിക രംഗത്തും മറ്റു മേഖലകളിലും കേരളം വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ജനങ്ങൾക്ക് ആശ്വാസം പകർന്നു കൊണ്ട് അവയെ നേരിടാൻ പുതിയ സർക്കാറിന് കഴിയട്ടെ എന്നും ചെന്നിത്തല ആശംസിച്ചു.