തിരുവനന്തപുരം: വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് മുമ്പ് ടോം ജോസും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്രയിൽ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. യാത്രയ്ക്ക് പിന്നാലെ പമ്പാ ത്രിവേണിയിൽ പ്രളയകാലത്ത് അടിഞ്ഞു കൂടിയ ലക്ഷക്കണക്കിന് വില വരുന്ന മണലും മണ്ണും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയേറ്റ് അംഗം ചെയർമാനായ കമ്പനിക്ക് സൗജന്യമായി നൽകാൻ ഉത്തരവ് ഇറക്കി. ദുരന്തനിവാരണ നിയമത്തിന്‍റെ മറവിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂർ ആസ്ഥാനമായ പൊതുമേഖല സ്ഥാപനമായ കേരള ക്ലേസ് ആൻഡ് സെറാമിക് പ്രോഡക്റ്റ്സിനാണ് മണ്ണും മണലും നൽകുന്നത്. ഇവർക്ക് സ്വന്തമായി ഇവ നീക്കാൻ ശേഷിയില്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മണലും മണ്ണും സ്വകാര്യ കമ്പനികൾ സ്വന്തമാക്കും. മണൽ എടുക്കുന്നതിന് മുൻപ് നടത്തേണ്ട സാന്‍റ് ഓഡിറ്റ് പോലും നടത്തിയില്ല. വെള്ളപ്പൊക്കം നിയന്ത്രിക്കാനാണ് മണ്ണും മണലും മറ്റുന്നതെന്നാണ് പറയുന്നത്. എന്നാൽ രണ്ടു വർഷം ഉണ്ടായിട്ടും എന്തുകൊണ്ട് ചെയ്തില്ലെന്നും ചെന്നിത്തല ചോദിച്ചു.