തിരുവനന്തപുരം: സ്‌കൂളുകളില്‍ നിയമനം കാത്ത് കഴിയുന്ന ഉദ്യോഗാര്‍ഥികളുടെ ആശങ്കയകറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ നിയമനം എന്നതായിരുന്നു സർക്കാർ നിലപാട്. എന്നാൽ കൊവിഡ് കുറച്ചുകാലം കൂടി ഒപ്പമുണ്ടാകുമെന്നതുകൊണ്ടുതന്നെ ഈ വിഷയത്തിൽ തീരുമാനം പുനഃപരിശോധിക്കുമെന്നും കൊവിഡ് അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ നിയമനം നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വീസ് കമ്മിഷനും സ്വീകരിക്കണമെന്നും പി സി വിഷ്ണുനാഥിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിയായി നൽകി. കഴിഞ്ഞ വര്‍ഷം നിയമന ശിപാര്‍ശ കിട്ടിയവര്‍ക്കും ഇതുവരെ നിയമനം ലഭിക്കാത്തതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിതനയം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമന ശിപാര്‍ശ നല്‍കുന്നതിലും ഇത് ബാധിച്ചിട്ടില്ല.
Read Also.............പിഎസ്‌സി ജൂണില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു
എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫിസുകളില്‍ പരിശോധന നടത്തുന്നുമുണ്ട്.
ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി 13.02.2021ല്‍ രൂപീകരിച്ചിരുന്നു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുണ്ടായി. 25.05.2016 മുതല്‍ 19.05.2021വരെ 4223 റാങ്ക് ലിസ്റ്റുകളാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 3418 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 161361 നിയമന ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 154384 നിയമന ശിപാര്‍ശ നല്‍കിയെങ്കിലും അതിലുള്‍പ്പെട്ട 4031 പേര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരാണ് നിയമനം നല്‍കിയത്. നിയമനങ്ങള്‍ പരമാവധി പിഎസ്‌സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്‍റെ നയം.
നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിട്ടും വിശേഷാല്‍ ചട്ടങ്ങളോ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ ഇവ രൂപീകരിക്കുന്നതിന് വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി 20.10.2020ല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്‌സി പരീക്ഷകളും ഇന്‍റര്‍വ്യൂകളും രോഗ വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പിഎസ്‌സി നടപടി സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.