തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി എം.ആര്‍ ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴടങ്ങുന്നതിനായി അഭിഭാഷകന്‍റെ ഓഫീസിലെത്തിയ ബിജുലാലിനെ നാടകീയമായി പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് രഹസ്യ കേന്ദ്രലേക്ക് മാറ്റി. കീഴടങ്ങുന്നതിന് അഭിഭാഷകനായ പൂന്തുറ സോമന്‍റെ ഓഫീസിലെത്തിയ ബിജുലാല്‍ അവിടെ വച്ച് മാധ്യമങ്ങളുമായി സംസാരിച്ചു. താന്‍ നിരപരാധിയാണെന്നും ഓണ്‍ ലൈന്‍ റമ്മി കളിയിലൂടെ നേടിയ പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നെന്നും ബിജുലാല്‍ പറഞ്ഞു. സത്യം തെളിയട്ടെയെന്നും ബിജുലാല്‍ പറഞ്ഞു.
തട്ടിപ്പു പുറത്തായ ശേഷം ഒളിവില്‍ പോയ ബിജുലാല്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി ഒരു ടിവി ചാനലിന് അഭിമുഖം നല്‍കി തന്‍റെ നിരപരാധിത്വം വ്യക്തമാക്കിയ ശേഷമാണ് കീഴടങ്ങാന്‍ അഭിഭാഷകന്‍റെ ഓഫീസിലെത്തിയത്. ട്രഷറി തട്ടിപ്പിന്‍റെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി സുള്‍ഫിക്കറിനാണ് അന്വേഷണ ചുമതല. നേരത്തെ ബിജുലാല്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇ-ഫയലിംഗ് വഴി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കോടതി തുറന്ന സാഹചര്യത്തില്‍ നേരിട്ട് അപേക്ഷ നല്‍കാവുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ബിജുലാലിനെ മുന്‍മൂര്‍ നോട്ടീസില്ലാതെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ധനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.