തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണിയുടെ ബിജെപി പ്രവേശനത്തിന് തൊട്ടുപിന്നാലെ പിതാവ് ഉമ്മന്‍ ചാണ്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ചാണ്ടി ഉമ്മന്‍. അനില്‍ ആന്‍റണിയുടേത് വ്യക്തിപരമായ തീരുമാനമെന്നും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശത്തിന് തൊട്ടുപിന്നാലെ ചാണ്ടി ഉമ്മന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിന് പ്രസക്തിയേറെയാണ്.
അംഗത്വം സ്വീകരിച്ചത് ബിജെപി ദേശീയ ആസ്ഥാനത്ത് എത്തി: ബിജെപി സ്ഥാപക ദിനത്തിലായിരുന്നു(06.04.2023) അനില്‍ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്ററായും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായും പ്രവര്‍ത്തിച്ച വ്യക്തിയാണ് അനില്‍ ആന്‍റണി.
അനില്‍ ആന്‍റണി ബഹുമുഖ പ്രതിഭ എന്നാണ് അംഗത്വം നല്‍കിക്കൊണ്ട് കേന്ദ്ര മന്ത്രി പീയുഷ് പറഞ്ഞത്. ബിജെപി രാഷ്‌ട്രത്തിനായി പ്രവര്‍ത്തിക്കുന്നു എന്നും ഒരു കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം. ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അവസരം നല്‍കിയതിന് നന്ദിയെന്നും അനില്‍ ആന്‍റണി പ്രതികരിച്ചു.
മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവര്‍ത്തിക്കുമെന്ന് അനില്‍: താന്‍ സ്ഥാനമാനങ്ങള്‍ക്കായല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവര്‍ത്തിക്കുമെന്നുമാണ് അംഗത്വം സ്വീകരിച്ചുകൊണ്ട് അനില്‍ കെ ആന്‍റണി പറഞ്ഞത്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍, ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്‍ററിയെ വിമര്‍ശിച്ചതോടെയാണ് അനില്‍ ആന്‍റണി പരസ്യമായി കോണ്‍ഗ്രസില്‍ നിന്ന് അകന്നത്.
തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച പദവികള്‍ അദ്ദേഹം രാജി വയ്‌ക്കുകയായിരുന്നു. പിന്നീട് ബിബിസി ഡോക്യുമെന്‍ററിയെ തുടര്‍ച്ചയായി വിമര്‍ശിച്ച അനിലിന്‍റെ ട്വിറ്റര്‍ പോസ്‌റ്റുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തൊട്ടുപിന്നാലെ തന്നെ അനില്‍ കെ ആന്‍റണി ബിജിപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് രാജി: കൂടാതെ, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് ശേഷം അനില്‍ ആന്‍റണി നടത്തിയ പരാമര്‍ശവും മാര്‍ച്ച് 30 ശ്രീരാമനവമി ദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് പങ്കുവച്ച ട്വീറ്റും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മാത്രമല്ല, ഏപ്രില്‍ രണ്ടിന് സവര്‍ക്കറെ അനുകൂലിച്ചുകൊണ്ട് അനില്‍ ട്വീറ്റ് പങ്കുവച്ചതോടെ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായിരുന്നു. അനില്‍ ബിജെപി അംഗത്വം സ്വീകരിച്ചത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ എ കെ ആന്‍റണിയുടെ മകന്‍ ബിജെപി അംഗത്വം സ്വീകരിച്ചത് കോണ്‍ഗ്രസില്‍ ആശങ്കയ്‌ക്ക് ഇടയാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും എങ്ങനെ പ്രതിരോധിക്കുമെന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.