തിരുവനന്തപുരം : ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്‍റെ അവസാന ഘട്ടത്തിലുണ്ടായ പാളിച്ചകളെല്ലാം തിരിച്ചറിഞ്ഞ് അതില്‍ നിന്നുള്ള പാഠമുള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ മൂന്നിന്‍റെ രൂപകല്‍പ്പനയെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍നായര്‍. 2008 ലെ ചന്ദ്രയാന്‍ ഒന്ന് ദൗത്യത്തില്‍ വിക്ഷേപിച്ച ഉപഗ്രഹം ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വരെ എത്തി പഠനം നടത്തുകയായിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ വെള്ളത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് ലോകത്തെ അറിയിച്ചത് ഈ ദൗത്യത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ 3 നെക്കുറിച്ച് വാചാലനായി ജി മാധവന്‍നായര്‍ : ചന്ദ്രയാന്‍ ഒന്നിന്‍റെ ചുവടുപിടിച്ചുള്ളതായിരുന്നു നാല് വര്‍ഷം മുമ്പ് നടത്തിയ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം. ആ ഉപഗ്രഹത്തിന്‍റെ ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഓര്‍ബിറ്ററില്‍ നിന്ന് ലോഞ്ചര്‍ വേര്‍പെടുന്ന ഘട്ടത്തില്‍ ഉപരിതലത്തിന് രണ്ട് കിലോമീറ്റര്‍ മുകളില്‍ വച്ച് തകരാര്‍ സംഭവിച്ചു. ഇതോടെ അമിതവേഗത്തില്‍ ലോഞ്ചര്‍ ചന്ദ്രന്‍റെ ഉപരിതലത്തിലിടിച്ച് തകരുകയായിരുന്നു. നിലവില്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് ലോഞ്ചര്‍ വേര്‍പെട്ട് വളരെയധികം വേഗത കുറച്ച് ചന്ദ്രന്‍റെ ഉപരിതലത്തില്‍ സുഗമമായി ഇറങ്ങുകയെന്നതാണ് ചന്ദ്രയാന്‍-3 ന്‍റെ ദൗത്യം.
ഇറങ്ങിക്കഴിഞ്ഞാല്‍ ആറ് ചക്രങ്ങളുള്ള ഒരു ചെറുവാഹനം (റോവര്‍) ഇറങ്ങിയ സ്ഥലത്തുനിന്നും 50 മുതല്‍ 100 മീറ്റര്‍ വരെ സഞ്ചരിച്ച് ചുറ്റുമുള്ള ഡാറ്റ ശേഖരിക്കുകയും കെമിക്കല്‍ അനാലിസിസ് നടത്തുകയും താപനില അപഗ്രഥിക്കുകയുമാണ് ചെയ്യുക. ഇതിലൂടെ സാങ്കേതികവിദ്യാപരമായി മറ്റ് ഗ്രഹങ്ങളില്‍ ഇറങ്ങാനും അവിടെ നിന്ന് സാമ്പിള്‍ ശേഖരിക്കാനുമുള്ള സങ്കേതം നാം തെളിയിക്കുകയാണ്.
ഭാവിയില്‍ അവിടങ്ങളിലൊക്കെ മനുഷ്യന്‍റെ സാന്നിധ്യം എത്തിക്കാന്‍ കഴിയുന്നതിന്‍റെ തുടക്കമായി ചന്ദ്രയാന്‍-3 ദൗത്യത്തെ കണക്കാക്കാമെന്നും ഡോ.ജി.മാധവന്‍നായര്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ ബഹിരാകാശ ഗവേഷണ രംഗത്ത് സുപ്രധാന നാഴികക്കല്ലാണ് ഇന്ത്യ പിന്നിടുന്നതെന്നും ഭാവിയില്‍ റോബോട്ടുകളെയും പിന്നീട് മനുഷ്യരെയും എത്തിക്കാന്‍ കഴിയും എന്നതാണ് ഈ ദൗത്യത്തിന്‍റെ നേട്ടമെന്നും അദ്ദേഹം അറിയിച്ചു.
ബഹിരാകാശത്തെ 'വേറിട്ട ഇന്ത്യ': ചന്ദ്രയാന്‍-1ല്‍ 1000 കിലോഗ്രാം ഭാരമുള്ള പിഎസ്എല്‍വി വാഹനത്തിലായിരുന്നു വിക്ഷേപണം. ചന്ദ്രയാന്‍-2 ജിഎസ്എല്‍വി മാര്‍ക്ക് 2 വാഹനത്തിലായിരുന്നു. ചന്ദ്രയാന്‍-3 ജിഎസ്എല്‍വി മാര്‍ക്ക് 3 വാഹനത്തിലാണ്. പിഎസ്എല്‍വി പോലെ കഴിവുറ്റതും വിശ്വാസ യോഗ്യമായതുമായ ഒരു വിക്ഷേപണ സംവിധാനമാണ് മാര്‍ക്ക്-3. ഏകദേശം 3000 കിലോഗ്രാം ഭാരമുള്ളത് കൊണ്ടാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വലിയ വാഹനം വിക്ഷേപണത്തിന് ഉപയോഗിക്കേണ്ടിവരുന്നത്. ജിഎസ്എല്‍വി മാര്‍ക്ക് 3 പ്രകാരം നടത്തിയ അഞ്ച് വിക്ഷേപണങ്ങളും വിജയമായിരുന്നുവെന്നും ഡോ.ജി.മാധവന്‍നായര്‍ അറിയിച്ചു.
നമ്മുടെ വിക്ഷേപണ വിജയത്തിന്‍റെ തോത് എത് രാജ്യത്തേക്കാളും മുന്നിലാണ് എന്ന് മാത്രമല്ല, നമ്മുടെ പരാജയത്തോത് ആകട്ടെ അഞ്ച് ശതമാനത്തിലും താഴെയാണ്. ഒരു വിക്ഷേപണ റോക്കറ്റില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടുത്ത വിക്ഷേപണത്തില്‍ കൂടി ഉപയോഗിച്ചുകൊണ്ട് ഐഎസ്ആര്‍ഒ ചെലവ് കുറച്ചുകൊണ്ടുവരികയാണ്. ചന്ദ്രയാന്‍-1 ന്‍റെ ഗ്രൗണ്ട് സ്‌റ്റേഷന്‍ തന്നെയാണ് ചന്ദ്രയാന്‍ മൂന്നിനും ഉപയോഗിക്കുന്നത്. അതിനാല്‍ പുതുതായി പണം മുടക്കേണ്ട ആവശ്യം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യങ്ങള്‍ ഇനിയുമുണ്ട് : പുതുതായി ലഭിക്കുന്ന ഒരു വിവരത്തില്‍ നിന്ന് പടിപടിയായി നാം ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ്. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാന്‍ ഇനിയും കുറേയേറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിന്‍റെ ആദ്യപടി മനുഷ്യനെ ഭൂമിക്ക് പുറത്ത് കൊണ്ടുപോയി സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതാണ്. ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഉദ്ദേശിക്കുന്നത് ഇതാണ്.
ബഹിരാകാശ സഞ്ചാരികളെ ഒരാഴ്‌ച ഭൂമിക്ക് പുറത്തുകൊണ്ടുപോയതിനുശേഷം സുരക്ഷിതമായി തിരികെ കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ശ്രമിക്കുന്നത്. അത് വിജയിച്ചാല്‍ അടുത്ത പരീക്ഷണം ചന്ദ്രനിലേക്കാകും. അതിന് കുറച്ചുകൂടി ശക്തിയേറിയ റോക്കറ്റുകള്‍ ആവശ്യമുണ്ട്. അത്തരം റോക്കറ്റുകളുടെ വികസനവും ഐഎസ്ആര്‍ഒ നടത്തുന്നുണ്ട്. ഏകദേശം 2030 ആകുമ്പോഴേക്കും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജി.മാധവന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.