തിരുവനന്തപുരം: സംസ്ഥാനത്തെ ചുണ്ടൻ വള്ളംകളികളെ ഒരുമിപ്പിച്ച് വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് (സിബിഎൽ) അടുത്ത മാസം 10ന് തുടക്കമാകും. സിബിഎല്ലിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
മൂന്ന് മാസം നീണ്ടുനിൽക്കുന്ന ലീഗിൽ ഒമ്പത് ടീമുകളാണ് പങ്കെടുക്കുക. ബോട്ട് ലീഗിൽ മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15ലക്ഷം 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാന തുക. കേരളത്തിലെ ടൂറിസം സീസൺ സജീവമാക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സിബിഎൽ സംഘടിപ്പിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സിബിഎല്ലിന്‍റെ ലോഗോ പ്രകാശനവും വെബ് സൈറ്റ് ലോഞ്ചും മന്ത്രി നിർവ്വഹിച്ചു. അടുത്ത മാസം 10ന് ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പമാണ് ലീഗിന്‍റെ ആദ്യ മത്സരം തുടങ്ങുക. സിബിഎല്ലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുഖ്യാഥിതിയാകും.