തിരുവനന്തപുരം: ചൊവ്വാഴ്‌ച വൈകീട്ട് പെയ്‌ത മഴയിൽ ചാല മാർക്കറ്റിൽ ലക്ഷങ്ങളുടെ നാശനഷ്‌ടം. മാർക്കറ്റിലെ കടകളിലെല്ലാം വെള്ളം കയറി സാധനങ്ങൾ പൂർണമായും നശിച്ചു. അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴയാണ് ഇന്നലെ നഗരത്തിൽ പെയ്‌തത്. തമ്പാനൂർ, ചാല, അട്ടക്കുളങ്ങര തുടങ്ങി നഗരത്തിലെ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു.
Also Read: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ലോക്ക്ഡൗണിനെത്തുടർന്ന് കടകൾ അടച്ചിട്ടിരുന്നതിനാൽ മഴയിൽ വെള്ളം കയറിയപ്പോൾ സാധനങ്ങൾ മാറ്റാൻ വ്യാപാരികൾക്ക് സാധിച്ചില്ല. വെള്ളം ഇറങ്ങിയ ശേഷം ഇന്ന് രാവിലെ എത്തി കടകൾ തുറന്നപ്പോഴേക്കും പല സാധനങ്ങളും നശിച്ചിരുന്നു. ലോക്ക്‌ഡൗണ്‍ ഏൽപ്പിച്ച ആഘാതത്തിനൊപ്പം ഈ നഷ്‌ടം കൂടി എങ്ങനെ നികത്താൻ ആവുമെന്ന് അറിയാത്ത അവസ്ഥയിലാണ് ചാലയിലെ വ്യാപാരികൾ.
കൃത്യമായി ഓടകൾ വൃത്തിയാക്കാത്താതാണ് ചെറിയ മഴ പെയ്യുമ്പോൾ തന്നെ മാർക്കറ്റിൽ വെള്ളം കയറാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഒരു വർഷം മുമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സ്വന്തം പണം മുടക്കി വ്യാപരികൾ ഒരു ഭാഗത്തെ ഓട വൃത്തിയാക്കിയിരുന്നു. മിച്ചമുള്ള ഭാഗത്തെ ഓട വൃത്തിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വ്യാപാരികൾ. അതിനിടയിലാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇത്രയും രൂക്ഷമായ വെള്ളക്കെട്ട് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യപാരികൾ പറയുന്നു.
Also Read:തിരുവനന്തപുരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി
മഴ പെയ്‌ത് തലസ്ഥാന നഗരിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് ഇതാദ്യമല്ല. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി സർക്കാർ ഏറെ കൊട്ടിഘോഷിച്ചു ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. ഓപ്പറേഷൻ അനന്ത. ഓടകളിലൂടെയുള്ള ജല നിർഗമനം സുഗമമാക്കി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ വീണ്ടും ഒറ്റദിവസത്തെ മഴയിൽ നഗരത്തിൽ വീണ്ടും വെള്ളം കയറുമ്പോൾ ചർച്ചയാവുന്നത് ഓപ്പറേഷൻ അനന്തയുടെ പരാജയം കൂടിയാണ്.