തിരുവനന്തപുരം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയര്‍മാൻ പി.സുരേഷിന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. കെ.എസ്.ആര്‍/ മൂന്ന് ചട്ടം 100 പ്രകാരം വേതനവും നല്‍കാന്‍ തീരുമാനമായി. കമ്മീഷന് ഇതുവരെ സേവന വേതന വ്യവസ്ഥകൾ ഇല്ലായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ പുതുതായി നിലവില്‍ വന്ന നിരത്ത് പരിപാലന വിഭാഗം, ബ്രിഡ്‌ജ് വിഭാഗം, കെട്ടിട വിഭാഗം കാര്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ തസ്തികകള്‍ വകുപ്പിന്റെ വിവിധ കാര്യാലയങ്ങളില്‍ നിന്നും പുനര്‍വിന്യാസത്തിലൂടെ സൃഷ്‌ടിക്കും.
ജൂനിയര്‍ സൂപ്രണ്ട് 13, സീനിയര്‍ ക്ലര്‍ക്ക്/ക്ലര്‍ക്ക് 152, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് നാല്, ടൈപ്പിസ്റ്റ് 47, ഓഫീസ് അറ്റന്ഡന്റ് 38 എന്നിങ്ങനെ 254 തസ്തികകളാണ് പുനര്‍ വിന്യാസത്തിലൂടെ നികത്തുക. 32 മിനിസ്റ്റീരിയൽ തസ്തികകളുടെ പദവി ഉയര്‍ത്താനും തീരുമാനിച്ചു. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സൈനിക് വെല്‍ഫെയല്‍, പ്രിന്‍റിങ് ആന്‍റ് സ്റ്റേഷനറി വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ അധിക ചുമതല കൂടി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം നല്‍കി.