തിരുവനന്തപുരം : പട്ടാപ്പകല്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. കുറവന്‍കോണം വൈ.എം.ആര്‍ റോഡില്‍ കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.
റോഡ് സൈഡില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്‌ത് യുവതി സീറ്റിനടിയില്‍ നിന്നും എന്തോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍, ബൈക്കിലെത്തി രണ്ട് യുവാക്കള്‍ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിയില്‍ യുവതി താഴെ വീണതിനെ തുടര്‍ന്ന് ഇവര്‍ കടന്നുകളഞ്ഞു.
യുവതിയെ ബൈക്കില്‍ മോഷ്ടാക്കള്‍ പിന്‍തുടര്‍ന്നതാണെന്ന് വ്യക്തമാണ്. ബൈക്കില്‍ മുന്നോട്ടുപോയ യുവാക്കള്‍, യുവതി നിര്‍ത്തിയെന്ന് മനസ്സിലാക്കി തിരിച്ചുവരികയായിരുന്നു. ഇത് ദൃശ്യങ്ങളിലുണ്ട്.
സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ മോഷണശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ സംഭവം സംബന്ധിച്ച് പൊലീസില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. അതിനാല്‍ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.