തിരുവനന്തപുരം: വീട്ടിൽ കൊവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവർക്ക് തിരുവനന്തപുരം നഗരസഭ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങി. ഇവരുടെ വീടുകളുടെ മുന്നിൽ പതിപ്പിച്ചിരുന്ന ക്വാറന്‍റൈൻ സൂചനാ സ്റ്റിക്കറുകളും നീക്കം ചെയ്യുന്നുണ്ട്. ബാംഗ്ലൂരിൽ നിന്ന് ചാക്കയിലെ വീട്ടിലെത്തി 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ അപർണ ജ്യോതിക്ക് ആദ്യ സർട്ടിഫിക്കറ്റ് മേയർ കെ. ശ്രീകുമാർ കൈമാറി.
2,170 പേരാണ് നഗരസഭാ പരിധിയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 236 പേർ കാലാവധി വിജയകരമായി പൂർത്തിയാക്കി. ക്വാറന്‍റൈനിലുള്ള മുഴുവൻ പേരും നഗരസഭ വോളണ്ടിയർമാരുടെ നിരീക്ഷണത്തിലാണ്. ഇവർക്ക് ഭക്ഷണം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ നൽകുന്നതിനായി 2,000 വോളണ്ടിയർമാരാണ് 100 വാർഡുകളിലായി പ്രവർത്തിക്കുന്നത്. കാര്യക്ഷമമായ നിരീക്ഷണത്തിനായി മൊബൈൽ ആപ്പും മേയറുടെ ഐടി സെല്ലും പ്രവർത്തിക്കുന്നു.