തിരുവനന്തപുരം : ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികള്‍ക്കാണ്. ഓണ സമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ധനവ് മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിങ് രീതിയായതിനാല്‍ യാത്രക്കാര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ എന്നും ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി.
ജൂലൈ മൂന്നിനാണ് നിരക്ക് വര്‍ധനയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കിയത്. ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് വിമാന നിരക്കിലെ വര്‍ധന. കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്‌ക്കുന്ന സാഹചര്യം വന്നിരിക്കുന്നു.
അതിനാല്‍ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. എന്നാല്‍ കേരളത്തിലേക്ക് ഓണക്കാലത്ത് ചാട്ടര്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തിന് മറുപടിയായാണ് പരിഗണിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്. ഓഗസ്റ്റ് 15 മുതല്‍ സെപ്‌റ്റംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍ നിന്നും പ്രത്യേക ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. ഇവയാണ് പരിഗണിക്കപ്പെടുന്നത്.
ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. ഇത് കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കേരളം ഉന്നയിച്ചു. ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക സര്‍വീസ് വേണമെന്നാണ് ആവശ്യപ്പെടുക.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി കുമാറിന് ഇത് സംബന്ധിച്ച കത്ത് കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് കൈമാറി. തിങ്കളാഴ്‌ച റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഈ ആവശ്യത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.