തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സർക്കാർ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണത്തിൻ്റെ ഭാഗമായാണ് സമിതിയിലെ സിസിടിവി പരിശോധിക്കുന്നത്. വനിത, ശിശു വികസന ഡയറക്‌ടർ ശിശുക്ഷേമ സമിതിക്ക് ഇത് സംബസിച്ച് നോട്ടീസ് നൽകി.
അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ കൈമാറിയെന്ന് പറയുന്ന 2020 ഒക്ടോബറിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് ജീവനക്കാരുടേതെന്ന പേരിൽ പുറത്തുവന്ന കത്തിൽ ആരോപണം ഉണ്ടായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതാണോ അല്ലയോ എന്ന് കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
കുഞ്ഞിനെ തട്ടികൊണ്ട് പോയെന്ന അനുപമയുടെ പരാതിയിൽ പേരൂർക്കട പൊലീസിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്. അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് റിപ്പോർട്ട് നൽകി. കുഞ്ഞിനെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ സ്വാധീനമുളള പ്രതികൾ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അനുപമയുടെ മാതാപിതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കവേയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
Also Read: ഒറ്റപ്രസവത്തില്‍ പിറന്നത് നാല് കണ്‍മണികള്‍, ഹൈദരാബാദില്‍ അപൂര്‍വ പ്രസവം