തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സിബിഐ ഏറ്റെടുക്കാത്തത് ബിജെപി- യുഡിഎഫ് കൂട്ടുകെട്ട് അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിനുള്ള ഉദാഹരണമെന്ന് സിപിഎം. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇബ്രാഹിം കുഞ്ഞിനെയും പ്രതിചേർത്ത് അന്വേഷണം നടത്താനാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനാണ് വിധിച്ചത്.
അന്താരാഷ്ട്ര ബന്ധങ്ങൾ ഉള്ള കേസായതിനാലാണ് ഇന്‍റർപോൾ സഹായം കൂടി തേടാനാണ് 2019 സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കേസ് സിബിഐയ്ക്ക് വിട്ടത്. എന്നാൽ ഇത്രയും ഗൗരവമേറിയ കേസിൽ കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും രക്ഷപ്പെടുത്താനാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ് തന്നെ സി ബി ഐ അന്വേഷണം വേണ്ടെന്ന തീരുമാനം എടുത്തത്. ഇത് യുഡിഎഫും ബിജെപിയും തമ്മിലുള്ള പരസ്യ ധാരണയാണ് വ്യക്തമാക്കുന്നതെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.
മാറാട് കേസിൽ സിബിഐ അന്വേഷണം തുടരാത്തതും ഈ കൂട്ടുകെട്ടിന്‍റെ ഭാഗമാണ്. ലൈഫ് പദ്ധതി അട്ടിമറിക്കുന്നതായി കോൺഗ്രസ് എംഎൽഎ നൽകിയ പരാതിയിൽ ഉടൻ എഫ്ഐആർ സമർപ്പിച്ച സിബിഐയാണ് ഇപ്പോൾ ഇത്തരം ഒരു നിലപാട് എടുത്തത്. രാജ്യം മുഴുവൻ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയാണ് ബിജെപി. ഇതിനെതിരെ ജനവികാരം ഉയർന്നുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.