തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പിൽ സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി. കേസ് ക്രൈംബ്രാഞ്ചിന് നല്ല രീതിയിൽ അന്വേഷിക്കാനുള്ള ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ കണ്ടത്തേണ്ടതായ ഒന്നും ഈ കേസിൽ ഇല്ലെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സിയുടെ സത്പേരിനെ ബാധിച്ച സംഭവമായതിനാല്‍ അതീവ ഗൗരവമായാണ് കേസ് സർക്കാർ കാണുന്നത്. കുറ്റപത്രം വൈകിയതുകൊണ്ടല്ല മറിച്ച് കോടതിക്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗാർത്ഥികൾക്ക് താത്ക്കാലികമായി അഡ്വൈസ് മെമ്മോ നൽകാൻ പി.എസ്.സിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം കാണും. കുറ്റവാളികൾക്ക് ഒരു രാഷ്ട്രീയ പരിരക്ഷയും ലഭിക്കില്ല. നസീമിന്‍റെ ഫെയ്സ്ബുക്കിലെ പ്രതികരണം ഏതെങ്കിലും രാഷ്ട്രിയ പരിരക്ഷയുടെ ഭാഗമായി ധരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു