തിരുവനന്തപുരം: ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ എഫ്ഐആർ സമർപ്പിച്ചത്. പ്രതിയുടെ പേരിൻ്റെ സ്ഥാനത്ത് അജ്ഞാതം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചപ്പോഴും തിരോധാനത്തിന് പിന്നിലെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2018 മാർച്ച് 23നാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. മൂന്ന് വർഷം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്‌നയുടെ തിരോധാനത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നു എന്ന് ഹൈകോടതിയിൽ വാദിച്ച സിബിഐ എഫ്ഐആറിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ പരാമർശിച്ചിട്ടില്ല. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജ് വിദ്യാർഥിനിയായ ജസ്‌നയെ കാണാതായത്.