തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ തകർന്നടിഞ്ഞ കാറ്ററിംഗ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കാറ്ററിംഗ് സംരംഭകരുടെ പ്രതിഷേധം. പൊതു ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും വിവാഹ മരണച്ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചതുമാണ് കാറ്ററിംഗ് മേഖലയിലുള്ളവരുടെ ജീവിതത്തിന് വിലങ്ങുതടിയായത്. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കാനാണ് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സിന്‍റെ തീരുമാനം.
Also read: "കുഴല്‍പ്പണക്കേസ് അന്വേഷണം എവിടെയെത്തി", രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശൻ
വിവാഹത്തിനും ആഘോഷപരിപാടികൾക്കും 200 പേരെ അനുവദിക്കുക, ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കുക, വാക്സിനേഷന് കാറ്ററിംഗ് തൊഴിലാളികൾക്ക് മുൻഗണന നൽകുക, 5 ലക്ഷം മുതൽ 10 ലക്ഷം വരെ പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംരംഭകരും തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.