തിരുവനന്തപുരം: അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടുടമസ്ഥര്‍ ജോലിക്കും കുട്ടി സ്‌കൂളിലും പോയ സമയത്തായിരുന്നു സംഭവം. ജയ്ഹിന്ദ് ടിവി ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരൻ ആര്‍ മുരുകന്‍റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ രാജി പിആറിന്‍റെയും വീട്ടില്‍ നിന്ന് എട്ടുലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനുമാണ് മോഷണം പോയത്.
വസ്‌തു വിറ്റ വകയില്‍ സൂക്ഷിച്ചിരുന്ന തുകയാണ് കവര്‍ന്നതെന്ന് വീട്ടുടമസ്ഥർ പറഞ്ഞു. വീടിന്‍റെ മുന്‍വശത്തുള്ള പ്രധാന വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്നതിന് ശേഷം ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. അയല്‍വാസിയായ സ്‌ത്രീ, വീടിന്‍റെ മതില്‍ ചാടി രണ്ട് പേര്‍ പോകുന്നത് കണ്ട് ചെന്ന് പരിശോധിച്ചപ്പോഴായിരുന്നു മോഷണം നടന്നതായി തിരിച്ചറിഞ്ഞത്.
ഇവരുടെ കൈയില്‍ ചാക്ക് ഉണ്ടായിരുന്നതായും കാറില്‍ കയറി പോകുന്നതായും കണ്ടതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി. അയല്‍വാസിയാണ് നാട്ടുകാരെയും വീട്ടുകാരെയും വിവരമറിയിക്കുന്നത്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
സ്ഥലത്ത് അരുവിക്കര പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഫോറന്‍സിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്. പരാതിയില്‍ പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.