തിരുവനന്തപുരം: കേരളത്തിലെ സിപിഎം വനിത നേതാക്കളെ പൂതനകളെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്ത് കന്‍റോണ്‍മെന്‍റ് പൊലീസ്. മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ പരാതിയിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷ നിയമം 354 (എ), 509 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിത നേതാക്കളെല്ലാം തടിച്ചു കൊഴുത്തു. കാശടിച്ചുമാറ്റി. തടിച്ച് കൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്‌ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്', എന്നായിരുന്നു സംസ്ഥാന ബിജെപി അധ്യക്ഷന്‍റെ ആക്ഷേപ പരാമര്‍ശം. തൃശൂരില്‍ ഞായറാഴ്‌ച നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. കെ സുരേന്ദ്രന്‍റെ പ്രസ്‌താവനയില്‍ പ്രതികരിച്ച് പലരും രംഗത്ത് വന്നിരുന്നു.
വിവാദ പ്രസ്‌താവന പിന്‍വലിച്ച് സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 'യുഡിഎഫ് അദ്ദേഹത്തിന്‍റെ പരാമർശത്തെ അപലപിക്കുന്നു. സുരേന്ദ്രൻ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം. ഒരു രാഷ്‌ട്രീയ പാർട്ടിയിലെ സ്‌ത്രീകളെ എന്നല്ല, ഒരു സ്‌ത്രീയെയും ഇത്തരത്തിൽ അപമാനിക്കരുത്. അതിൽ ബോഡി ഷെയ്‌മിങ് ഉൾപ്പെടുന്നു. ഇത് രാഷ്‌ട്രീയമായി തെറ്റായ പരാമർശമാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പരാമര്‍ശം അംഗീകരിക്കാനാവില്ല. ഒന്നുകിൽ അദ്ദേഹം മാപ്പ് പറയണം അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണം', വി ഡി സതീശൻ പറഞ്ഞു.
Also Read: കെ സുരേന്ദ്രന്‍റെ 'പൂതന' പരാമര്‍ശം; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വിഡി സതീശന്‍
സ്‌ത്രീകളെ ശരീരമായി മാത്രം കാണുന്ന നിലപാടാണ് സുരേന്ദ്രന്‍റേത് എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. 'കെ സുരേന്ദ്രൻ നടത്തിയ പരാമർശം അപലപനീയമാണ്. സുരേന്ദ്രൻ സിപിഎമ്മിലെ വനിത പ്രവർത്തകരെ മാത്രമല്ല എല്ലാ സ്‌ത്രീകളെയും അപമാനിച്ചു. സ്‌ത്രീയെ ശരീരമായി മാത്രം കാണുന്ന മനോഭാവമാണ് സുരേന്ദ്രന്‍റേത്. രാഷ്‌ട്രീയ പ്രവർത്തകർ സമൂഹത്തിന് മാതൃകയായി നിൽക്കേണ്ടവരാണ്. സ്‌ത്രീകളുടെ ശരീരത്തെ ഉദാഹരണമാക്കി രാഷ്‌ട്രീയ വിമർശനം നടത്തുന്നത് ശരിയായ രീതിയല്ല', വീണ ജോർജ് പറഞ്ഞു.
അതേസമയം കെ സുരേന്ദ്രന്‍റെ ആക്ഷേപ പരാമര്‍ശത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തു വന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായരാണ് സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കും വനിത കമ്മിഷന്‍ അധ്യക്ഷയ്‌ക്കും പരാതി നല്‍കിയത്. പിന്നാലെ പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് ഡിജിപി അനില്‍ കാന്ത് പരാതി കൈമാറി.
സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വനിത വാച്ച് ആന്‍റ് വാര്‍ഡിനെ യുഡിഎഫ് വനിത എംഎല്‍എമാര്‍ ആക്രമിച്ചു എന്ന് ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും എന്തുകൊണ്ട് പാര്‍ട്ടിയിലെ വനിത നേതാക്കള്‍ക്ക് നേരെയുണ്ടായ ഈ പരാമര്‍ശത്തില്‍ ചുണ്ടനക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആക്ഷേപം ഉന്നയിച്ചു.