തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ സ്വപ്‌ന സുരേഷിനും മുന്‍ എം.എല്‍എ പി.സി. ജോര്‍ജിനുമെതിരെ കേസ്. മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ഇരുവര്‍ക്കുമെതിരെ എഫ്ഐആറിട്ടത്. സ്വപ്‌നക്കെതിരെ ഐപിസി 120 ബി, 153 എന്നീ വകുപ്പുകള്‍ പ്രകാരവും പി.സി ജോര്‍ജിനെതിരെ ഐപിസി 163, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസുകള്‍.
കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യ മൊഴി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും കെ.ടി.ജലീലിനുമെതിരെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിലാണ് കേസെടുത്തത്. സ്വപ്‌ന നടത്തിയ ആരോപണങ്ങളെ ബലപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെയും കേസെടുക്കുകയായിരുന്നു.
ഡിജിപി അനില്‍കാന്ത് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി ബുധനാഴ്‌ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.