തിരുവനന്തപുരം: കൂടുതൽ പേർ കൊവിഡ് നിരീക്ഷണത്തിലാവുന്ന സാഹചര്യത്തിൽ കൂടുതൽ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ ഒരുക്കാൻ തയ്യാറായി തലസ്ഥാനം. നഗരത്തിൽ 34 കേന്ദ്രങ്ങൾ തയ്യാറാക്കിയതിൽ 29 എണ്ണത്തിൽ ആൾക്കാരെ പാർപ്പിക്കുന്നുണ്ട്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ എത്തുന്നതിനാൽ കൂടുതൽ കേന്ദ്രങ്ങൾ വേണ്ടിവരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ എത്തുന്നു. ഇവരിൽ ഗർഭിണികൾ, കുട്ടികൾ, പ്രായം ചെന്നവർ തുടങ്ങിയവരെ വീട്ടു നിരീക്ഷണത്തിലാണ് അയയ്ക്കുന്നത്.
തലസ്ഥാനത്ത് 29 കേന്ദ്രങ്ങളിൽ 750ലേറെ പേരാണ് നിരീക്ഷണത്തിലുള്ളത്. ആവശ്യം വന്നാൽ കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിന്‍റേതടക്കമുള്ള ഹോസ്റ്റലുകൾ, പരിശീലന കേന്ദ്രങ്ങൾ, അതിഥി മന്ദിരങ്ങൾ , കൺവെൻഷൻ സെന്‍ററുകള്‍ തുടങ്ങിയവയെല്ലാം ക്വാറന്‍റൈൻ കേന്ദ്രങ്ങളായിക്കഴിഞ്ഞു. ആകെ 9100 കിടക്കകളാണ് സജ്ജമായിട്ടുള്ളത്.