കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സ്ഥാനാർഥി നിർണയത്തിന് ശേഷം എല്‍ഡിഎഫ് ഇത്രയധികം പ്രതിസന്ധി നേരിട്ട മറ്റൊരു കാലമുണ്ടാകില്ല. സാധാരണ ഗതിയില്‍ ഇടതു പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആദ്യ റൗണ്ട് മണ്ഡല പര്യടനം പൂർത്തിയാക്കിയ ശേഷമാകും യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ഇത്തവണ ബിജെപി കൂടി ശക്തമായ സാന്നിധ്യമാകുമ്പോൾ എല്‍ഡിഎഫ് സ്ഥാനാർഥി നിർണയത്തിലെ കല്ലുകടി ഏത് രീതിയിലാകും പ്രതിഫലിക്കുക എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മഞ്ചേശ്വരം, കുറ്റ്യാടി, പിറവം മണ്ഡലങ്ങളിലാണ് ഇടതുമുന്നണിയില്‍ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷവും പ്രതിസന്ധി നിലനില്‍ക്കുന്നത്. സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കാനായി മാറ്റി വെയ്ക്കുന്നതും ഇടതുപക്ഷത്ത് പതിവിന് വിരുദ്ധമായ രീതിയാണ്. അക്കാര്യത്തില്‍ സിപിഎമ്മിന് ഒപ്പം സിപിഐയും ആദ്യഘട്ടത്തില്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളുണ്ട്. ദേവികുളവും മഞ്ചേശ്വരവും സിപിഎം ഒഴിച്ചിട്ടപ്പോൾ ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക മണ്ഡലങ്ങളില്‍ സിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
2006ല്‍ വിഎസിന്‍റെ സ്ഥാനാർഥിത്വം, 2009ലെ പൊന്നാനി പാർലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം, 2014ല്‍ തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം എന്നിവയിലെല്ലാം ഇടതുമുന്നണിയില്‍ തർക്കങ്ങളുണ്ടായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് അഷറഫലി കളത്തിലിനെയാണ്. എന്നാല്‍ സ്വതന്ത്രനായി മത്സരിച്ച പിവി അൻവറിനെ സിപിഎം പരസ്യമായി പിന്തുണച്ചതും വലിയ മുന്നണി തകർക്കങ്ങൾക്ക് കാരണമായി. പല മണ്ഡലങ്ങളിലും മുന്നണിക്കുള്ളില്‍ തർക്കങ്ങൾ പരസ്യമാണെങ്കിലും അവയൊക്കെ ജയ പരാജയത്തിനപ്പുറത്ത് സ്ഥാനാർഥി നിർണയത്തോടെ പരസ്യ പ്രതിഷേധങ്ങളും തർക്കങ്ങളും അവസാനിച്ചിരുന്നു. ഇപ്പോൾ സാഹചര്യം അങ്ങനെയല്ല, മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ച രണ്ട് പേരുകളും ജില്ലാ ഘടകത്തില്‍ രൂക്ഷ വിമർശനത്തിന് വിധേയമായി. ഒടുവില്‍ പാർട്ടിക്ക് തന്നെ സമവായ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നു. കുറ്റ്യാടിയില്‍ ഇനിയും തർക്കം തുടരുകയാണ്. സീറ്റ് കേരള കോൺഗ്രസിന് നല്‍കിയതാണ് തർക്കങ്ങൾക്ക് കാരണം. കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്ത് മത്സരിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം സംസ്ഥാന തലത്തില്‍ തന്നെ ചർച്ചയായിട്ടുണ്ട്. ഇനിയും സിപിഎമ്മിന് കുറ്റ്യാടി പ്രശ്നം പരിഹരിക്കാനാകാത്തത് പാർട്ടിക്കുള്ളില്‍ വരും ദിവസങ്ങളിലും ചർച്ചയാകും. കേഡർ പാർട്ടി എന്ന നിലയില്‍ പാർട്ടി തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത് എങ്ങനെയാകും സിപിഎം നേരിടുക എന്നതും കൗതുകമാണ്.
പൊന്നാനിയില്‍ പ്രതിഷേധം പരസ്യമായിരുന്നുവെങ്കിലും സ്ഥാനാർഥി നിർണയത്തോടെ അതെല്ലാം കെട്ടടങ്ങിയത് സിപിഎമ്മിന് ആശ്വാസമാണ്. എന്നാല്‍ പിറവത്തെ സ്ഥിതി അതല്ല, കേരള രാഷ്ട്രീയത്തില്‍ വിശേഷിച്ചും സിപിഎമ്മില്‍ ഇതുവരെ സംഭവിക്കാത്തതാണ് പിറവത്തെ ഇടതുമുന്നണി സ്ഥാനാർഥി നിർണയത്തില്‍ സംഭവിച്ചത്. സിപിഎം പാർട്ടി അംഗംവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സിന്ധുമോൾ ജേക്കബിനെയാണ് കേരള കോൺഗ്രസ് മാണി വിഭാഗം പിറവത്ത് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അതോടെ സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. എല്‍ഡിഎഫ് സ്ഥാനാർഥിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കുമ്പോൾ സിപിഎം പിറവത്ത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രവർത്തകർക്ക് മനസിലാകാൻ ഇനിയും സമയമെടുക്കും. സിന്ധുമോളെ സിപിഎം പുറത്താക്കിയതിന് പിന്നാലെ പിറവം സീറ്റ് പേയ്‌മെന്‍റ് സീറ്റാണെന്ന ആരോപണവുമായി കേരള കോൺഗ്രസ് മാണി വിഭാഗം നേതാവും യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്‍റുമായ ജില്‍സ് പെരിയപുറം രംഗത്ത് എത്തി. ജോസ് കെ മാണിക്ക് എതിരെയും ജില്‍സ് രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു.
സ്ഥാനാർഥി തർക്കങ്ങൾക്കൊക്കെ അപ്പുറം ശബരിമല വിഷയം വീണ്ടും സജീവമാക്കി ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ സിപിഎം സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രൻ തന്നെ രംഗത്ത് എത്തിയത് അടുത്ത വിവാദത്തിനുള്ള വഴിമരുന്നാകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതാണ് ചർച്ചയാകുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന്‍റെ തൊട്ടടുത്ത ദിവസം പ്രചരണ വേളയിലാണ് ദേവസ്വം മന്ത്രിയുടെ തുറന്നുപറച്ചില്‍. ശബരിമല വിഷയം ചർച്ചയാക്കേണ്ടെന്ന് സിപിഎം തന്നെ തീരുമാനിച്ച സാഹചര്യത്തില്‍ കടകംപള്ളിയുടെ ഖേദ പ്രകടനത്തിലും സിപിഎം മറുപടി പറയേണ്ടി വരും. 2018ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഞങ്ങൾക്ക് വിഷമമുണ്ടെന്നാണ് കടകംപള്ളിയുടെ തുറന്നുപറച്ചില്‍.