തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്‍റെ അധികാരങ്ങളില്‍ കടന്നുകയറിയെന്ന രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട് നിയമസഭയില്‍. മറ്റു സംസ്ഥാനങ്ങൾ ഈ മാതൃക തുടർന്നാൽ കേന്ദ്ര സർക്കാരിന്‍റെ അറിവിൽ പെടാതെ രാജ്യത്തിന്‍റെ ബാഹ്യമായ ബാധ്യതകൾ ഗണ്യമായി വർധിക്കുന്നതിന് ഇടയാക്കും. വിദേശത്തു നിന്ന് വായ്പ എടുക്കുന്നതിന് കേന്ദ്രസർക്കാരിന് മാത്രമാണ് അധികാരമുള്ളത്.
മസാല ബോണ്ടുകൾ വഴി കിഫ്ബിയുടെ വായ്പയെടുപ്പ് ഭരണഘടനാ ലംഘനവും കേന്ദ്ര സർക്കാരിന്‍റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റം ആണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കിഫ്ബിക്ക് വരുമാന സ്രോതസ്സുകൾ ഒന്നുമില്ലാത്തതിനാൽ സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകുന്ന കിഫ്ബിയുടെ കടം എടുപ്പുകൾ സംസ്ഥാന സർക്കാരിന് പ്രത്യക്ഷ ബാധ്യത ആയി മാറാം എന്നും സിഎജി റിപ്പോർട്ട്. സംസ്ഥാനത്തിന്‍റെ റവന്യൂകമ്മി 17462 കോടിയായും ധനകമ്മി 26 988 കോടിയായും വർദ്ധിച്ചായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മസാല ബോണ്ടിന് റിസർവ് ബാങ്ക് നൽകിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്ന നിരീക്ഷണവും സി.എ.ജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി വായ്പകൾ ആക്സ്മിക ബാധ്യതകളാണെന്നുള്ള സംസ്ഥാന സർക്കാർ നിലപാട് ആശ്ചര്യകരമാണ്. സംസ്ഥാന ബജറ്റിൽ കിഫ്ബി വഴിയുള്ള കടമെടുപ്പുകൾ പ്രതിഫലിക്കില്ല എന്ന കാരണം കൊണ്ട് ഇവ സർക്കാർ തിരിച്ചടയ്ക്കേണ്ടതാണെന്ന വസ്തുതയിൽ മാറ്റം ഇല്ല. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് സംസ്ഥാന സർക്കാരിന് ബാധ്യത സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഗവർണറുടെ പേരിൽ നിയമസഭയിൽ വയ്ക്കാനുള്ള സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയത് സഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വിഡി സതീശൻ രംഗത്ത് എത്തി. ധനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. കീഴ്വഴക്കങ്ങൾ ലംഘിക്കുന്നത് നിയമസഭയുടെ പവിത്രയെ ബാധിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
എന്നാല്‍ ധനമന്ത്രിയുടെ സ്റ്റേറ്റ്മെന്‍റോടു കൂടി സിഎജി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഗവർണറുടെ അനുമതി ലഭിച്ചിരുന്നതായി സ്പീക്കർ സഭയെ അറിയിച്ചു. കരടില്‍ ഇല്ലാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ എഴുതി ചേർത്തതാണ് സഭയുടെ മേശപ്പുറത്ത് വെക്കുന്നത്. ഇക്കാര്യം ഗവർണറെ അറിയിച്ചിരുന്നു. ഇത് നിയമസഭയിൽ എല്ലാവരും അറിയണമെന്നതു കൊണ്ടാണ് വിശദീകരണ കുറിപ്പോടെ സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചു.