തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നിർണായക മന്ത്രിസഭ യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാരിന്‍റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട മന്ത്രിസഭ യോഗമാണ് ഇന്ന് നടക്കുക. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൽ ഉണ്ടാകാനാണ് സാധ്യത.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിയമസഭ സമ്മേളനം ഡിസംബറില്‍ താത്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാനാണ് ആലോചന. വര്‍ഷാരംഭത്തില്‍ ചേരുന്ന നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്‌വഴക്കം. ഇത് ഒഴിവാക്കുന്നതിനാണ് ഈ നീക്കം. മില്‍മ പാലിന്‍റെ വില വര്‍ധനവ് സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ടെങ്കിലും ഇന്നത്തെ മന്ത്രിസഭയോഗം അത് പരിഗണിക്കാനിടയില്ല.