തിരുവനന്തപുരം: ബസ് ചാർജ് വർധന സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നാളെത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്യും. മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന റിപ്പോർട്ടാണ് കമ്മിഷൻ ഗതാഗത വകുപ്പിന് സമർപ്പിച്ചത്. ചാർജ് വർധനവ് അനിവാര്യമാണെന്ന് റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം ഗതാഗത വകുപ്പും സർക്കാരിനെ അറിയിച്ചിരുന്നു. ബസ് ചാർജ് 25 ശതമാനമങ്കിലും വർധിപ്പിക്കണമെന്നാണ് റിപ്പോർട്ട് പരിശോധിച്ച ഗതാഗത വകുപ്പിന്‍റെ വിലയിരുത്തൽ.
അതേസമയം അടിക്കടി ഇന്ധന വില വർധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ച് മിനിമം ചാർജ് 12 രൂപയാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. ആർ.ടി.സിയും സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതു കൂടാതെ മിനിമം നിരക്കിൽ യാത്ര ചെയ്യാനാകുന്ന ദൂരം അഞ്ച് കിലോ മീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി നിജപ്പെടുത്തണമെന്നും ഓരോ കിലോ മീറ്ററിനും ഒരു രൂപ പത്ത് പൈസ വീതം കൂട്ടണമെന്നുമാണ് കെ.എസ്.ആർ.ടി.സി കത്തിൽ ആവശ്യപ്പെടുന്നത്. എന്നാൽ കൊവിഡ് കാലത്തെ ഇലക്ട്രിസിറ്റി ബിൽ വർധനവിനിടെ ബസ് ചാർജ് വർധനവ് കൂടി ഉണ്ടാകുന്നത് സർക്കാരിനെതിരായ വികാരമുണ്ടാകുമെന്ന അഭിപ്രായവുമുണ്ട്. വിഷയം മന്ത്രിസഭ യോഗം ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.