തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണിന് അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കു പോലും ഇഷ്‌ടമുള്ള വിഷയങ്ങള്‍ ലഭിക്കുന്നില്ലെന്നും മലബാര്‍ മേഖലയില്‍ പ്രവേശനത്തിന് ആവശ്യമായ സീറ്റുകളില്ലെന്ന് രക്ഷകര്‍ത്താക്കളും പ്രതിപക്ഷവും നിരന്തരം പരാതി ഉന്നയിച്ച സാഹചര്യത്തിലുമാണ് തീരുമാനം.
നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധന ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെങ്കില്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും.
നേരത്തെ മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കാത്ത ഏഴ് ജില്ലകളില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 20 ശതമാനം സീറ്റു വര്‍ധന അനുവദിക്കും. ഈ ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും നിയന്ത്രണ വിധേയമായി മാര്‍ജിനല്‍ വര്‍ധനവിന്‍റെ 20 ശതമാനം വരെ സീറ്റുകളും അനുവദിക്കാൻ തീരുമാനമായി.
Also Read: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത ഒരാള്‍ കൂടി ജീവനൊടുക്കി