തിരുവനന്തപുരം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയ്ക്ക് അംഗീകാരം നല്‍കി മന്ത്രിസഭ. അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയുടെ ഒന്നിലധികം മേഖലകളെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു നൂതന സമൂഹമായി മാറ്റാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ആധുനികവും ജനാധിപത്യപരവും സുസ്ഥിരവുമായ ഭാവിക്ക് ഇത്തരമൊരു നൂതന സംസ്‌കാരം, പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതിക വിദ്യ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ എന്നിവ അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.
ഉന്നത വിദ്യാഭ്യാസം കേരള സര്‍ക്കാരിന്‍റെ വികസന മുന്‍ഗണനകളിലെ ഒരു പ്രധാന മേഖലയായിരിക്കും. ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവയിലെ പൊതുനിക്ഷേപം, സാമൂഹ്യ ക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളില്‍ ആര്‍ജ്ജിച്ച കരുത്തില്‍ കേരളം പടുത്തുയര്‍ത്തുന്നത് തുടരും. ഇതിനെ സമ്പദ് വ്യവസ്ഥയിലെ ഉത്പാദന ശക്തികളുടെ ത്വരിത വളര്‍ച്ചയ്ക്കുള്ള ഒരു ചാലക ശക്തിയായി ഉപയോഗപ്പെടുത്തും. ശാസ്ത്രം, സാങ്കേതിക വിദ്യ, അത്യാധുനിക നിപുണതകള്‍, വിജ്ഞാന സമ്പദ് ഘടനയില്‍ ലഭ്യമായിട്ടുള്ള നിപുണതകള്‍ എന്നിവ കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ആധുനിക വ്യവസായം, പശ്ചാത്തല സൗകര്യ വികസനം, വരുമാനദായക സേവനങ്ങള്‍ എന്നിവയുടെ വളര്‍ച്ച പതിനാലാം പഞ്ചവത്സര പദ്ധതി ഉറപ്പാക്കും.
ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആധുനിക സമ്പദ് വ്യവസ്ഥയിലെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലും സാമ്പത്തിക നയം രൂപകല്‌പന ചെയ്യും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ജീവിത നിലവാരം അന്തര്‍ ദേശീയ തലത്തില്‍ ഒരു വികസിത ഇടത്തരം വരുമാനമുള്ള രാജ്യത്തെ ജീവിത നിലവാരത്തിലെത്തിക്കുക എന്നതാണ് പഞ്ചവത്സര പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് വികസന പ്രക്രിയയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുകയെന്ന സവിശേഷത കൂടി ഉള്‍പ്പെടുന്നതായിരിക്കും. നിലവിലെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രക്രിയയില്‍ ആരെയും പിന്നിലാക്കില്ല എന്നതാണ് തത്വം. ഇത് തുടരുന്ന പദ്ധതികള്‍ക്കാകും ഊന്നല്‍ നല്‍കുക.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍:
1. പൊതുനിക്ഷേപം (ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, പാര്‍പ്പിടം), സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളില്‍ ആര്‍ജ്ജിച്ച കരുത്ത് കൂടുതല്‍ ബലപ്പെടുത്തി അതില്‍ പടുത്തുയര്‍ത്തുക.
2. മാനവ ശേഷിയുടെ കരുത്തിലൂന്നി വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുകയും സമ്പദ്ഘടനയിലെ ഉത്പാദന ശക്തികളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുകയും ചെയ്യുക.
3. വിവര സാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, ചെറുകിട വ്യാപാരം എന്നിവയടങ്ങുന്ന വളര്‍ച്ച വരുമാനദായക സേവനങ്ങള്‍, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ആധുനിക വ്യവസായം, പശ്ചാത്തല സൗകര്യ വികസനം എന്നിവയുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി ശാസ്ത്രം, സാങ്കേതിക വിദ്യ ആധുനിക നിപുണതകള്‍ എന്നിവ ഉപയോഗപ്പെടുത്തും.
4. ആധുനികവും തൊഴില്‍ദായകവും ഉത്പാദന ക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കുക.
5. ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ആധുനികവത്‌കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. യുവതലമുറയ്ക്ക് ആധുനിക സമ്പദ്ഘടനയിലെ ഏറ്റവും മികച്ച തൊഴില്‍ ലഭ്യമാക്കുക.
6. അതിദാരിദ്ര്യം ഇല്ലാതാക്കുക.
7. മാലിന്യ നിര്‍മാര്‍ജനത്തിന് സമഗ്രവും നൂതനവുമായ സമ്പ്രദായങ്ങള്‍ സ്ഥാപിക്കുക.
8. വളര്‍ച്ചയുടെ ചാലക ശക്തികളായി മാറാന്‍ പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുക.
9. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന നയം പ്രോത്സാഹിപ്പിക്കുക. വികസന പ്രക്രിയയെ നയിക്കുന്ന തത്വം ആരും പിന്നിലാവരുത് എന്നതാണ്.
മന്ത്രിസഭ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍:
സ്‌പോര്‍ട്‌സ് ക്വാട്ട നിയമന വ്യവസ്ഥയില്‍ മാറ്റം: കായിക മേഖലയില്‍ ജൂനിയര്‍ വിഭാഗത്തിലും മറ്റും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും പരിക്ക് കാരണം കായിക രംഗത്ത് നിന്ന് പിന്മാറേണ്ടി വരികയും ചെയ്‌ത ഭിന്നശേഷിക്കാരായ കായിക താരങ്ങളെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമന പദ്ധതി പ്രകാരം മാറ്റിവച്ചിട്ടുള്ള തസ്‌തികകളില്‍ നിയമനത്തിന് പരിഗണിക്കും. മെഡിക്കല്‍ ബോര്‍ഡിന്‍റെ ശുപാര്‍ശയോടെ ഇവരെ കൂടി നിയമനത്തിന് പരിഗണിക്കുന്ന തരത്തില്‍ നിലവിലെ സ്‌പോര്‍ട്‌സ് ക്വാട്ട പദ്ധതി വ്യവസ്ഥകളില്‍ മാറ്റം വരുത്തും.
സ്വാതിപ്രഭയ്‌ക്ക് നിയമനം നല്‍കും: ദേശീയ തലത്തിലെ ജൂനിയര്‍ വിഭാഗത്തില്‍ അത്‌ലറ്റിക് കായിക ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കായിക താരം സ്വാതി പ്രഭയ്ക്ക് കായിക യുവജനകാര്യ വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ ക്ലറിക്കല്‍ തസ്‌തിക സൃഷ്‌ടിച്ച് നിയമനം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ട്രാക്കില്‍ വച്ച് നട്ടെല്ലിന് പരിക്കേറ്റ് കായിക രംഗത്ത് നിന്ന് പിന്മാറേണ്ടി വന്ന താരമാണ് സ്വാതി പ്രഭ.
റവന്യൂ വകുപ്പിന്‍റെയും ലാന്‍ഡ് ബോര്‍ഡ് ഓഫിസിന്‍റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന വിവിധ ഓഫിസുകളിലെ 688 താത്‌കാലിക തസ്‌തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കും. മാവേലിക്കര രാജാ രവി വര്‍മ്മ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് സ്ഥാപനത്തിന് കേരള സര്‍വകലാശാലയുടെ പേരില്‍ 66 സെന്‍റ് ഭൂമി 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. ജോണ്‍ വി സാമുവല്‍ ഐഎഎസിനെ ഭൂജലവകുപ്പ് ഡയറക്‌ടറായി ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ അനുമതി നല്‍കി.
ഖാദി ബോര്‍ഡില്‍ 11-ാം ശമ്പള പരിഷ്‌കരണം നടപ്പാക്കിയതിലെ അപാകത പരിഹരിക്കുവാനും തീരുമാനം. ആരോഗ്യ വകുപ്പിനായി ഒന്‍പത് പുതിയ വാഹനങ്ങള്‍ വാങ്ങാനും മന്ത്രിസഭ യോഗത്തില്‍ അനുമതി നല്‍കി.