തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ സര്‍ക്കാറിന്‍റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ തീര്‍പ്പാക്കല്‍ യഞ്‌ജവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാസമായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുണ്ടാക്കാനാണ് ഫയല്‍ തീര്‍പ്പാക്കല്‍ യഞ്‌ജത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
സെപ്‌റ്റംബര്‍ 30 വരെയാണ് യഞ്‌ജം നടക്കുക. ഫയലുകള്‍ യാന്ത്രികമായ തീര്‍പ്പാക്കലല്ല, വേഗത്തിലും നീതിയുക്തമായും സുതാര്യവുമായി തീര്‍പ്പാക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഫയലുകള്‍ നീക്കുന്നത് വൈകിപ്പിക്കുന്നത് ചെയ്യുന്ന ജോലിയോടുള്ള നീതികേടാണ്. കാര്യക്ഷമമായ സിവില്‍ സര്‍വീസ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില ജീവനക്കാര്‍ക്ക് മാത്രം ജോലിഭാരം കൂടുതലെന്ന രീതിയില്‍ മാറ്റമുണ്ടാകും. ഇതിനായി തസ്‌തികകള്‍ പുന:ക്രമീകരിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച് കര്‍ശനമായ നിരീക്ഷണവും അവലോകനവും നടത്തും. സംസ്ഥാന-ജില്ലാതല അവലോകനമുണ്ടാകും. വകുപ്പ് മേധാവികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
എല്ലാ ആഴ്‌ചയിലെയും മന്ത്രിസഭ യോഗം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും. പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യഞ്‌ജങ്ങള്‍ വീണ്ടും നടത്തുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.