തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് 27 ജീവനക്കാരുമായാണ് സെക്രട്ടേറിയറ്റിലേക്ക് ബസ് പുറപ്പെട്ടത്. എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പുവരുത്തിയായിരുന്നു കണ്ടക്ടർ എൻകെ രഞ്ജിത്തിന്‍റെയും ഡ്രൈവർ ടി.വിഷ്ണുവിന്‍റെയും നേതൃത്വത്തിൽ ബസ് പുറപ്പെട്ടത്.
ഒരിടവേളക്ക് ശേഷം ആരംഭിച്ച സർവീസിന് സാക്ഷിയാകാൻ സമീപത്തുള്ള കെഎസ്ആർടിസി ജീവനക്കാരും ഡിപ്പോയിൽ എത്തിയിരുന്നു എന്ന് കണ്ടക്ടർ എൻകെ രഞ്ജിത്ത് പറഞ്ഞു. ബസ് രാവിലെ 9:30ന് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും. വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റില്‍ നിന്നും തിരിക്കും. നിലവിലുള്ള ചാർജിന്‍റെ ഇരട്ടിയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിഴിഞ്ഞം, ആര്യനാട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് സർവീസ് ഉള്ളത്. അതേസമയം പാറശാല അതിർത്തിയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നവർക്ക് പുതിയ ബസ് സർവീസിന്‍റെ ഗുണം ലഭ്യമാകുന്നില്ല എന്നും ആരോപണമുണ്ട്.