തിരുവനന്തപുരം: ടെണ്ടർ നടപടികൾ പാലിക്കാതെ പൊലീസ് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് ഡിജിപിയുടെയും സർക്കാരിന്‍റെയും അറിവോടെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ടെണ്ടറില്ലാതെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് ശരി വയ്ക്കുന്ന രേഖകളാണ് പുറത്തുവന്നത്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ ആദ്യം സർക്കാർ അനുവദിച്ചത് 1.26 കോടി രൂപയാണ്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഓപ്പൺ ടെണ്ടർ വേണ്ടെന്ന വിചിത്ര വാദം ലോക്‌നാഥ് ബെഹ്റ സർക്കാരിന് മുന്നിൽ വച്ചു. പിന്നാലെ കൊൽക്കത്ത ആസ്ഥാനമായ ഹിന്ദുസ്ഥാൻ മോട്ടോർസ് എന്ന സ്ഥാപനത്തിൽ നിന്ന് 1.10 കോടി രൂപയ്ക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാൻ സപ്ലൈ ഓർഡർ നൽകി. ഇക്കാര്യങ്ങളെല്ലാം കത്തിലൂടെ ബെഹ്റ സർക്കാരിനെ അറിയിച്ചു. എന്നാൽ പരിശോധനകളൊന്നും നടത്താതെ സർക്കാർ ബെഹ്റയുടെ കത്തിനെ മാത്രം ആധാരമാക്കി തുകയുടെ 30 ശതമാനം മുൻകൂറായി അനുവദിച്ചു.
2019 ജനുവരി അഞ്ചിനാണ് ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയും ടെണ്ടർ ഇല്ലാതെയുമാണ് പൊലീസിൻ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതെന്ന് സിഎജി കണ്ടെത്തിയതിന് പിന്നാലെയാണ് ടെണ്ടർ ഒഴിവാക്കിയത് ഡിജിപിയുടെയും സർക്കാരിന്‍റെയും അറിവോടെയാണെന്ന തെളിവുകൾ പുറത്തു വരുന്നത്.