തിരുവനന്തപുരം: ബിഎസ്എൻഎൽ പോസ്റ്റ്-പെയ്‌ഡ് കണക്ഷനുകൾ വ്യജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നൽകിയെന്ന കേസിൽ മുൻ സബ്ഡിവിഷണൽ എഞ്ചിനീയർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ശിക്ഷയും പിഴയും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി രഘൂത്തമൻ നായർ, സബ് ഫ്രാഞ്ചൈസി ഷിജു, മഹേഷ് സിൻഹ, ശ്രീകേഷ്, എസ്.മുബാറക്, രേഖ, കാർത്തിക എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. കേസിലെ മൂന്നാം പ്രതി ഷിമ്മി മരിച്ചിരുന്നു. ഒൻപതാം പ്രതി ജീനറ്റ്, പത്താം പ്രതി രാജേന്ദ്രപാൽ എന്നിവർ ഒളിവിലാണ്.
ഒന്നാം പ്രതിയും ബിഎസ്എൻഎൽ മുൻസബ് ഡിവിഷണൽ എഞ്ചിനീയറുമായ രഘൂത്തമൻ നായർക്ക് നാല് വർഷം തടവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി ഷിജുവിന് അഞ്ച് വർഷം തടവും പത്തുലക്ഷം രൂപയും, മഹേഷ് സിൻഹ, ശ്രീകേഷ്, എസ്.മുബാറക് എന്നീ നാല് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് നാല് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. രേഖ,കാർത്തിക എന്നീ ഏഴും എട്ടും പ്രതികൾക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽ മൂന്ന് വർഷം ശിക്ഷ ലഭിച്ച ഏഴും,എട്ടും പ്രതികളായ രേഖ,കാർത്തിക എന്നിവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എന്നാൽ നാല് വർഷത്തിന് മുകളിലുള്ള ശിക്ഷയുടെ ജാമ്യം അനുവദിക്കേണ്ടത് ഹൈക്കോടതിയാണ്.
ബിഎസ്എൻഎൽ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യജ പേരുകളിലും വിലാസത്തിലും ബിഎസ്എൻഎലിന്‍റെ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ നൽകി മൊബൈൽ കമ്പനിക്ക് 36 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് സിബിഐ കേസ്. 2004 ലാണ് സംഭവം. 2005 ഒക്‌ടോബർ 31നാണ് അന്വേഷണം പൂർത്തിയാക്കി ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍ കെ.ജെ.ഡാർവിൻ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.