തിരുവനന്തപുരം : ബലൂൺ തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരൻ മരിച്ചു. ബാലരാമപുരം കല്ലുമ്മൂട് സ്വദേശികളായ രാജേഷ് സബിത ദമ്പതികളുടെ മൂത്ത മകൻ ആദിത്യൻ (9) ആണ് മരിച്ചത്. ആദിത്യന്‍റെ ഇളയ സഹോദരി ആദിത്യയുടെ കയ്യിലിരുന്ന ബലൂൺ വാങ്ങി വായിലിട്ട് ഒളിപ്പിക്കുന്നതിനിടയിൽ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് നെയ്യാറ്റിൻകര മിംസ് ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്ലാവിള യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ. മൃതദേഹം നിംസ് ഹോസ്പിറ്റൽ മോർച്ചറിയിലാണുള്ളത്.
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു : കഴിഞ്ഞ ഏപ്രിലില്‍ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചിരുന്നു. കോഴിക്കോട് മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു ,ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്. കളിയ്ക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
Also Read: 45കാരന്‍റെ തൊണ്ടയില്‍ കൃഷ്‌ണ വിഗ്രഹം കുടുങ്ങി ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്‌ടര്‍മാര്‍
ഇക്കഴിഞ്ഞ ജൂലൈയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞ് മരിച്ചിരുന്നു. പാലക്കാട് വണ്ണാമട കുമാരന്നൂർ നെഹ്റു നഗർ കോളനിയിൽ അരുൺകുമാർ കാളീശ്വരി ദമ്പതികളുടെ മകളാണ് മരിച്ചത്. പകൽ കുട്ടിക്ക് പാലുകൊടുത്ത് ഉറക്കാൻ കിടത്തിയിരുന്നുവെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി അനങ്ങാത്തതിനെ തുടര്‍ന്നാണ് അപകടം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
അഞ്ച് മാസങ്ങള്‍ക്കിപ്പുറം ഡിസംബറില്‍ പാലക്കാട് ജില്ലയില്‍ തന്നെ അന്നനാളത്തിൽ ഭക്ഷണം കുടുങ്ങി രണ്ട് വയസുകാരി മരിച്ചിരുന്നു. തത്തമംഗലം നാവക്കോട് സ്വാമി സദനത്തിൽ തുളസീദാസ് വിസ്‌മയ ദമ്പതികളുടെ മകൾ തൻവിക ദാസാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടി ഛർദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌തതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്നനാളത്തിൽ ആഹാരം കുടുങ്ങിയതാണ് മരണകാരണമെന്നായിരുന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.
Also Read: കോണ്‍സ്റ്റബിളിന്‍റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി, 'രക്ഷാമുറ'യെടുത്ത് എസ്ഐ ; വീഡിയോ പുറത്ത്
മാത്രമല്ല കഴിഞ്ഞ മെയ് മാസത്തില്‍ ഹരിയാനയിലെ അംബാലയില്‍ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി 15 വയസുകാരന്‍ മരിച്ചിരുന്നു. അംബാല കന്‍റോൺമെന്‍റിലെ ഡിഫൻസ് കോളനിയില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി യാഷാണ് മരിച്ചത്. ശീതളപാനീയത്തിന്‍റെ അടപ്പ് തുറക്കാനാകാത്തതിനെ തുടര്‍ന്ന് യാഷിനെ സഹോദരി സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പല്ല് കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇത് പുറത്തെടുക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. തൊണ്ടയില്‍ അകപ്പെട്ട അടപ്പ് ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.